കെ എം ഷാജിയെ കാസർകോട് മത്സരിപ്പിക്കാൻ നീക്കം, അഴിമതിക്കാരൻ വേണ്ടെന്ന് ജില്ലാ ലീഗ് നേതൃത്വം

0
79

25 ലക്ഷത്തിന്റെ പ്ലസ്ടു അഴിമതിക്കേസിൽ ഇ ഡി അന്വേഷണം നേരിടുന്ന കെ എം ഷാജി കാസർകോട്ട് സ്ഥാനാർത്ഥിയായി വേണ്ടെന്ന് മുസ്ലിംലീഗ് കാസർകോട് ജില്ലാ ലീഗ് നേതൃത്വം. കെ എം ഷാജിയെ കാസർകോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കാസർകോട് ജില്ലാ ലീഗ് നേതൃത്വം പരസ്യമായി രംഗത്തുവന്നു. ജില്ലക്ക് പുറത്ത് നിന്നുള്ള ഒരാളെപ്പോലും കാസർകോട് മണ്ഡലത്തിൽ മത്സരിപ്പിക്കരുതെന്ന നിലപാട് ലെഗ് ജില്ലാ നേതാക്കൾ പരസ്യമായി വ്യക്തമാക്കി. കെ പി എ മജീദ് അല്ല ഏത് വലിയ നേതാക്കൾ പറഞ്ഞാലും അതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്ന് മുതിർന്ന നേതാവ് പ്രതികരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിനെ തന്നെ ജില്ലാ നേതാക്കൾ എതിർപ്പ് അറിയിച്ചു.

എം സി കമറുദീൻ ജ്വലറി നിക്ഷേപ തട്ടിപ്പ് നടത്തി കോടികൾ തട്ടിയെടുത്തതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതിനിടയിലാണ് കേരളത്തിൽ മൊത്തം ലീഗിനെ പരിഹാസ്യമാക്കിയ കെ എം ഷാജിയെ കൊണ്ടുവരുന്നത്. ഇഞ്ചിക്കൃഷിയും ആഢംബരവീടുമെല്ലാം വീണ്ടും ചർച്ചയാകും. മാത്രമല്ല, ജ്വല്ലറി നിക്ഷേപത്തട്ടിപ്പും ഉയർന്നുവരും. ഇതൊന്നും മനസിലാക്കാതെ ചില നേതാക്കൾ മലപ്പുറത്തിരുന്നു പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്ന് തൊഴിലാളി സംഘടന ഭാരവാഹി കൂടിയായ മുതിർന്ന നേതാവ് പ്രതികരിച്ചു.

കോഴ വിവാദങ്ങളുടെ പശ്ചാതലത്തിൽ ഷാജിക്ക് സുരക്ഷിതമായൊരു മണ്ഡലമാണ് സംസ്ഥാന നേതൃത്വം കണക്ക് കൂട്ടുന്നത്. അങ്ങനെയെങ്കിൽ ഇയാളെ മലപ്പുറത്ത് മത്സരിപ്പിച്ചാൽ പോരെ. അല്ലാതെ എങ്ങോട്ട് തള്ളിവിടാണോ എന്നായിരുന്നു മറ്റൊരു നേതാവിന്റെ പ്രതികരണം. ചില നേതാക്കൾക്ക് അത്ര താല്പര്യമുണ്ടെങ്കിൽ അവരുടെ സീറ്റ് വിട്ടുകൊടുത്തോട്ടെയെന്നും ഒരു സംസ്ഥാന കൗൺസിലംഗം തുറന്നടിച്ചു. കാസർകോട്ടേക്ക് വരുന്നത് ഷാജിക്ക് മാത്രമല്ല, ലീഗിനും ഗുണമാവില്ലെന്നാണ് ചില ലീഗ് നേതാക്കൾ കണക്ക്കൂട്ടുന്നത്. ജില്ലക്ക് പുറത്തുള്ളവരെ മത്സരിപ്പിക്കേണ്ടെന്നാണ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം കാട്ടി കത്ത് നൽകി.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമേഖലകളായ മഞ്ചേശ്വരത്തും കാസർകോട്ടും ലീഗിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മാത്രമല്ല, മംഗൽപാടി, മഞ്ചേശ്വരം, വോർക്കാടി, കുമ്പള എന്നീ പഞ്ചായത്തുകളിൽ ലീഗ് തോറ്റമ്പി. ബിജെപിയെയും എസ്ഡിപിഐയെയും ഒക്കെ കൂട്ടുപിടിച്ചാണ് ഇവിടങ്ങളിൽ ഭരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ഷാജി കൂടി വന്നാൽ അത് കനത്ത തിരിച്ചടിയാകുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്.

കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ മത്സരിക്കാൻ ചില നേതാക്കൾ സ്ഥാനാർത്ഥിക്കുപ്പായം ഇതിനകം തയ്ച്ചുവെച്ചിട്ടുണ്ട്. ഈ നേതാക്കളും ഷാജിയെ കെട്ടിയേല്പിക്കുന്നതിനെതിരെ രംഗത്തുവന്നുകഴിഞ്ഞു. എം സി കമറുദീനെയും മത്സരിപ്പാക്കരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ലീഗിന് ഇത്തവണ കാസർകോട്ടും മഞ്ചേശ്വരത്തും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന കാര്യവും ജില്ല ലീഗ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.