സ്വയംഭരണ കോളേജുകൾക്ക് മാർഗരേഖ: ഓർഡിനൻസായി

0
18

യുജിസി റെഗുലേഷൻ 2018 ലെ അപര്യാപ്തതകൾ പരിഹരിച്ചും സംസ്ഥാനത്തെ ആറ് സർവകലാശാല നിയമങ്ങളിലെ ചട്ടങ്ങളിൽ മാറ്റം വരുത്തിയുമുള്ള സ്വയംഭരണ കോളേജ്‌ നിയമം നിലവിൽവന്നു. മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ച്‌ ഓർഡിനൻസിറക്കി ഗസറ്റ്‌ വിജ്‌ഞാപനമായി. യുജിസി സ്വയംഭരണ പദവി അനുവദിച്ചുവെങ്കിലും കോളേജുകളുടെ സ്വതന്ത്രമായ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാലകളിൽ നിലനിന്ന പ്രശ്‌നങ്ങൾക്കാണ്‌ ഇതോടെ പരിഹാരമായത്‌.

സ്വയംഭരണ കോളേജുകൾക്ക് യുജിസി നിർദേശിക്കുന്ന അക്കാദമിക സ്വാതന്ത്ര്യം നൽകുന്നതിനൊപ്പം സർവകലാശാലകൾ അവയുടെ അക്കാദമിക നിലവാരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്‌ നിയമം. യുജിസി ചട്ടപ്രകാരം വിവിധ കമ്മിറ്റികൾക്ക് പുറമെ ഓർഡിനൻസിലൂടെ നാല് കമ്മിറ്റികൾ കൂടി നിർബന്ധമാക്കി. അക്കാദമിക ഗുണനിലവാരം ഉറപ്പാക്കലിനുള്ള ആഭ്യന്തര സമിതിയും, സ്വയംഭരണ പദവിക്കുള്ള യോഗ്യത പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയും, വിദ്യാർഥി പ്രവേശനവും ഫീസുമായി ബന്ധപ്പെട്ട പൊതു പരാതിപരിഹാര കമ്മിറ്റിയും, വിദ്യാർഥി പരാതിപരിഹാര കമ്മിറ്റിയും രൂപീകരിക്കാൻ നിയമം വ്യവസ്ഥചെയ്യുന്നു.

യുജിസി സ്വയംഭരണ പദവി നൽകിക്കഴിഞ്ഞാൽ സർക്കാർ അനുമതിയോടെയാണ് സർവകലാശാലകൾ കോളേജുകൾക്ക് അംഗീകാരം നൽകിയിരുന്നത്. ഇനിമുതൽ നിർദിഷ്ട  യോഗ്യതകൾ പരിശോധിച്ച്  സർവകലാശാലകൾക്കുതന്നെ തീരുമാനമെടുക്കാം.