സംസ്ഥാന ട്രഷറി കംപ്യൂട്ടർ ശൃംഖല തകരാർ തുടരുന്നു. ഇന്നലെയും ശമ്പള–- പെൻഷൻ വിതരണമടക്കമുള്ള ഇടപാടുകൾ തടസ്സപ്പെട്ടു. സോഫ്‌റ്റുവെയർ തകരാറാണെന്നാണ് നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ(എൻഐസി) അധികൃതരുടെ നിലപാട്. പ്രശ്‌നം ശ്രദ്ധയിൽപ്പെടുത്തി രണ്ടാഴ്‌ചയായിട്ടും ഓൺലൈൻ സംവിധാനങ്ങളുടെ നിയന്ത്രണ പരിപാലന ചുമതലയുള്ള എൻഐസിയുടെ ഭാഗത്തുനിന്ന് പരിഹാര നടപടികളില്ലാത്തത് ദുരൂഹം.
ശൃംഖലയിലെ കംപ്യൂട്ടറുകളുടെ സന്ദേശങ്ങൾ സെർവറിൽ എത്താത്തതാണ് പ്രശ്‌നമെന്ന് സാങ്കേതിക വിദഗ്‌ധർ സംശയിക്കുന്നു. മുമ്പില്ലാത്ത ഈ സാങ്കേതിക തകരാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉടലെടുത്തതും ദുരൂഹത വർധിപ്പിക്കുന്നു.
ശമ്പളവും പെൻഷനും മുടങ്ങുന്നതിലൂടെ ട്രഷറിയെയും ധന വകുപ്പിനെയും കുറ്റപ്പെടുത്താൻ ബോധപൂർവം സൃഷ്ടിച്ചതാണോ എന്നാണ് സംശയം. ഇടപാടുകൾ പൂർണമായും മുടങ്ങുന്ന സ്ഥിതിയിലും പരിഹാരമുണ്ടാകാത്തത് സംശയം ബലപ്പെടുത്തുന്നു.
മാസാദ്യദിവസമായ തിങ്കളാഴ്‌ച ശമ്പളത്തിന്റെ 30 മുതൽ 40 ശതമാനംവരെ വിതരണം സാധ്യമാകേണ്ടതാണ്. ഒരു ശതമാനത്തോളമായിരുന്നു ഇടപാട്. ഇതാണെങ്കിൽ രാവിലെ 10.30 വരെയും വൈകിട്ട് അഞ്ചരയ്‌ക്കുശേഷവും. പകൽ ഇടപാട് നടത്താനായില്ല.
വകുപ്പിലെ കംപ്യൂട്ടർ സംവിധാനങ്ങൾ, സെർവറുകൾ, ഡാറ്റാ ബന്ധിപ്പിക്കൽ സംവിധാനങ്ങളുടെ ചുമതല എന്നിവ കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഐസിക്കാണ്. ട്രഷറി ഐടി വിഭാഗവും സഹായിക്കുന്നു. തടസ്സമില്ലാതെ നെറ്റ്‌വർക്ക് കണക്ഷൻ ലഭ്യമാക്കാൻ ബിഎസ്‌എൻഎൽ, റെയിൽ ടെൽ ഡാറ്റാ കം ലീസ്‌ഡ് കണക്ഷനുകളുമുണ്ട്.
മികച്ച സേവന പാരമ്പര്യം കണക്കിലെടുത്താണ് ട്രഷറി ഓൺലൈൻ ശൃംഖല എൻഐസിയെ ഏൽപ്പിച്ചത്. സാങ്കേതിക പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് എൻഐസി കേരള നേതൃത്വത്തോട് സർക്കാർ ആവശ്യപ്പെട്ടു.