റോഡിനെപ്പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

0
160

പൊതുജനങ്ങൾക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. . പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത് പരാതിയും ഇനി ഈ ആപ്പിലൂടെ അറിയാക്കാം. ജൂൺ 7 മുതൽ ആപ്പ് ഗൂഗിൾ പ്ലേ സ്‌റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.

ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ് വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയർമാരെ അറിയിക്കും. പരാതി പരിഹരിച്ച ശേഷം വിവരം ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെ തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കും.

പൊതുമരാമത്ത് വകുപ്പ് നിർമിച്ച് പരിപാലിച്ച് പോരുന്ന റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈന്റെനൻസ് മാനേജ്‌മെന്റ് സിസ്റ്റം (ആർഎംഎംഎസ്) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഓരുങ്ങുന്നത്.

ശാസ്ത്രീയ രീതിയിൽ ഉപകരണങ്ങൾ ഉപയോഗിച്ച് റോഡ് വിവരങ്ങൾ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ വിശകലനം ചെയ്ത് റോഡുകളുടെ പരിപാലനം സാധ്യമാക്കുന്ന രീതിയാണിത്. ഇതുവഴി അറ്റകുറ്റപ്പണികൾ നടത്തേണ്ട റോഡുകൾ കണ്ടെത്താനും നിലവിൽ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാനും സാധിക്കും.

തെരഞ്ഞെടുത്ത 7000 കി.മി കോർ റോഡുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സിസ്റ്റത്തിൽ ഡിജിറ്റലൈസ് ചെയ്യും. 4000 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു