വി ഡി സതീശനോട് സഹകരിക്കണമെന്ന് ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും സോണിയയുടെ നിർദ്ദേശം

0
59

 

പുതിയ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി സഹകരിച്ചു പോവണമെന്ന് കേരളത്തിലെ നേതാക്കളോട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ നേതാവ് സ്ഥാനമൊഴിഞ്ഞ രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരോടാണ് സോണിയാഗാന്ധി ഫോണിൽ ഈ നിർദേശം നൽകിയത്.

പ്രതിപക്ഷ സ്ഥാന നിർണയത്തിൽ രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും എതിർപ്പ് തള്ളിയാണ് വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇരു നേതാക്കളും വിട്ടു വീഴ്ചയ്ക്ക് തയ്യാറാവാഞ്ഞതോടെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നതിൽ ആശയക്കുഴപ്പത്തിലായിരുന്നു ഹൈക്കമാൻഡ്.

പ്രതിപക്ഷ സ്ഥാനത്തിനുവേണ്ടി ചെന്നിത്തല കടുപിടുത്തം തുടർന്നതോടെ നേതൃത്വം പ്രതിസന്ധിയിലായി. മാത്രമല്ല, ഉമ്മൻ‌ചാണ്ടി നാടകീയമായി ചെന്നിത്തലക്ക് വേണ്ടി രംഗത്തുവന്നതും ഹൈക്കമാൻഡിനെ കുഴക്കി.

തലമുറമാറ്റത്തിനായി പാർട്ടിക്കുള്ളിൽ ആവശ്യം ശക്തമായ സാഹചര്യത്തിൽ ഇതിനെ അംഗീകരിക്കാൻ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തയ്യാറാവുമെന്നായിരുന്നു ദേശീയനേതാക്കളുടെ പ്രതീക്ഷ. എന്നാൽ ഇതിന് രണ്ട് പേരും തയ്യാറായില്ല എന്ന് മാത്രമല്ല, ഗ്രൂപ്പ് യോഗം വിളിച്ചുചേർത്ത് ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു.