മുഖ്യമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കി, ഫസ്റ്റ്ബെല്ലില്‍ ഓഡിയോ ബുക്കുകളും ആംഗ്യ ഭാഷയിൽ പ്രത്യേക ക്ലാസുകളും

0
73

മുഖ്യമന്ത്രിയുടെ നിർദ്ദേശം ഒരു ദിവസം കൊണ്ട് നടപ്പിലാക്കി കൈറ്റ്. കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്ലില്‍ ഓഡിയോ ബുക്കുകളും ആംഗ്യ ഭാഷയിൽ പ്രത്യേക ക്ലാസുകളും ഉൾപ്പെടുത്തി.

ഇന്നലെ കേരള സർവകലാശാലയിൽ നവ കേരളം യുവ കേരളം എന്ന സംവാദ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംസാരിക്കവെയാണ് ആംഗ്യ ഭാഷയിൽ പ്രത്യേക ക്‌ളാസുകളുടെ ആവശ്യം ഉന്നയിക്കപ്പെട്ടത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തില്‍കൂടി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പുറത്തിറക്കി.

പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകള്‍ ഇന്ന് മുതല്‍ firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്ലസ് ടു ക്ലാസുകളുടെ ഓഡിയോ ബുക്കുകളും‍ ഇന്നു മുതല്‍ ലഭ്യമായിത്തുടങ്ങും. എംപി3 ഫോര്‍മാറ്റിലുള്ള ഓഡിയോ ബുക്കുകള്‍ ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ എല്ലാവര്‍ക്കും കേള്‍ക്കാനും വളരെയെളുപ്പം ഡൗണ്‍ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ വഴിയും മറ്റും മുഴുവന്‍ കുട്ടികള്‍ക്കും പങ്കുവെക്കാനും‍ കഴിയുന്ന തരത്തിലുള്ള സൗകര്യം ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

ആവശ്യമുള്ളവര്‍ക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്കൂളുകളില്‍ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശ്രവണ പരിമിതരായ കുട്ടികള്‍ക്ക് കാണാനായി ആംഗ്യഭാഷയില്‍ (സൈന്‍ ലാംഗ്വേജ് അഡാപ്റ്റഡ്) തയ്യാറാക്കിയ പ്രത്യേക ക്ലാസുകളും തയ്യാറാക്കിക്കഴിഞ്ഞു. നിലവില്‍ കേള്‍വി പരിമിതരായ കുട്ടികള്‍ പരീക്ഷയെഴുതുന്ന 29 സ്കൂളുകളിലെ 280-ഓളം കുട്ടികള്‍ക്ക് അവരുടെ അധ്യാപകരുടെ പ്രത്യേക ക്ലാസുകളാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് നല്‍കിവരുന്നത്. എന്നാല്‍ റിവിഷന്‍ ക്ലുാസുകള്‍ ഇവര്‍ക്ക് ഇനിമുതല്‍ പൊതുവായി കാണാനാകും. ഈ മേഖലയിലെ അധ്യാപകര്‍ക്ക് എസ്.സി.ഇ.ആര്‍.ടി സൈന്‍ അഡാപ്റ്റഡ് രീതിയില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

നേരത്തെതന്നെ കാഴ്ചപരിമിതര്‍ക്ക് ഉപയോഗിക്കാനായി സ്വതന്ത്ര സോഫ്‍റ്റ്‍വെയറിലുള്ള ‘ഓര്‍ക്ക’ സ്ക്രീന്‍ റീഡിംഗ് സോഫ്‍റ്റ്‍വെയര്‍ കൈറ്റ് സ്കൂളുകളിലേയ്ക്കുള്ള ലാപ്‍ടോപ്പുകളില്‍ ലഭ്യമാക്കുകയും മുഴുവന്‍ കാഴ്ച പരിമിതരായ അധ്യാപകര്‍ക്കും പ്രത്യേക ഐ.സി.ടി. പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഫസ്റ്റ്ബെല്‍ ക്ലാസുകളും ഈ വിദ്യാര്‍ത്ഥികള്‍ ഒരു പരിധിവരെ കേള്‍ക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും ശബ്ദരൂപത്തിലുള്ള ഓഡിയോ ബുക്കുകള്‍ കാഴ്ചുപരിമിതരായ കുട്ടികള്‍ക്ക് വളരെയേറെ പ്രയോജനപ്പെടും.

പൊതുവിഭാഗത്തിന് പുറമെ തമിഴ്, കന്നട മീഡിയം ക്ലാസുകള്‍ ഉള്‍പ്പെടെ 6300 ക്ലാസുകള്‍ (3150 മണിക്കൂര്‍) ഇതിനകം ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി സംപ്രേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.കെ-യുടെ വൈറ്റ്ബോര്‍ഡ് പദ്ധതിയും നിലവിലുണ്ട്.

ഇതോടൊപ്പം ശ്രവണ പരിമിതിയുള്ളവര്‍ക്കും കാഴ്ച പരിമിതിയുള്ളവര്‍ക്കും പൊതുപരീക്ഷയെ അഭിമുഖീകരിക്കാന്‍ ഇപ്രകാരം പ്രത്യേക സംവിധാനങ്ങള്‍ കൂടി ഒരുക്കിയതോടെ രാജ്യത്ത് സമാനതകളില്ലാത്തവിധം ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കലിന്റെ പുതുമാതൃകകൂടി ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ക്രമേണ ഇത് മുഴുവന്‍ ക്ലാസുകളിലേയ്ക്കും വ്യാപിപ്പിക്കും.