കോവിഡ്‌ പ്രതിരോധം പാളി, തെരഞ്ഞെടുപ്പിലും തിരിച്ചടിയായി, ബിജെപി, ആർഎസ്എസ് നേതൃത്വം ആശങ്കയിൽ

0
56

 

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതിലും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കേന്ദ്രസർക്കാരിനുണ്ടായ വീഴ്ച ബിജെപി, ആർഎസ്എസ് നേതൃത്വത്തെ കടുത്ത ആശങ്കയിലാക്കി. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉത്തർപ്രദേശ്, കർണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടി ഇതിന്റെ ഭാഗമായാണെന്ന വിലയിരുത്തലിലാണ് ആർഎസ്എസ് ബിജെപി നേതൃത്വം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതും നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. ഓക്‌സിജന്‍ ക്ഷാമം ഉള്‍പ്പടെയുളള കാര്യങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇതോടെ കേന്ദ്രസർക്കാർ വീഴ്‌ചകൾ ന്യായീകരിക്കാനാകാതെ ആർഎസ്‌എസ്‌, ബിജെപി നേതൃത്വം ഉഴറുകയാണ്. സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും സർക്കാർ വീഴ്‌ച ചൂണ്ടിക്കാണിക്കുകയും രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി എന്ത് എന്നറിയാതെ അങ്കലാപ്പിലാണ് നേതൃത്വം.
രണ്ടാം തരംഗം തീക്ഷ്‌ണമാകുമെന്നതിന്റെ എല്ലാ ലക്ഷണവും ലഭിച്ചിട്ടും സർക്കാർ ആവശ്യമായ മുൻകരുതൽ നടത്തിയില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്‌. ഇത്രയും ശക്തമായ വ്യാപനം ഉണ്ടാകുമെന്ന്‌ കരുതിയിരുന്നില്ലെന്ന വാദമാണ്‌ പ്രതിരോധത്തിനായി സർക്കാർ ഉന്നയിക്കുന്നത്‌. എന്നാൽ, സർക്കാർ സാഹചര്യങ്ങളെ തെറ്റായി വിലയിരുത്തിയതിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ ചില കേന്ദ്രമന്ത്രിമാർ തുറന്നുസമ്മതിച്ചിട്ടുണ്ട്. എല്ലാ അധികാരവും പ്രധാനമന്ത്രി കാര്യാലയത്തിൽമാത്രം കേന്ദ്രീകരിച്ചത്‌ വലിയ ഭവിഷ്യത്ത്‌ സൃഷ്ടിച്ചെന്ന്‌ ബിജെപി മുതിർന്ന നേതാവ്‌ ചൂണ്ടിക്കാണിച്ചു. ഇന്ത്യയില്‍ കൊവിഡ് കാരണം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ പരിപൂർണ ഉത്തരവാദിത്തം മോഡി സര്‍ക്കാരിനാകുമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റ് കഴിഞ്ഞദിവസം എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി പ്രവര്‍ത്തിച്ചതെന്നും ലാന്‍സെറ്റ് പറയുന്നു. സര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മാസങ്ങളോളം കൂടിയിട്ടില്ലെന്നും ലാന്‍സെറ്റ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കൊവിഡിനെ പ്രതിരോധിക്കേണ്ട സമയത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും ലാന്‍സെറ്റ് വിമർശിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് കൊവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പരോക്ഷമായി ആർഎസ്എസും സമ്മതിച്ചത്. പ്രധാനമന്ത്രിക്ക് രോഗവ്യാപനത്തെപ്പറ്റി യഥാര്‍ത്ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തിയിട്ടുണ്ട്. കോവിഡിനെ നേരിടുന്ന ടീമില്‍ മാറ്റം വരുത്തണമെന്നും സംഘടനയ്ക്ക് അഭിപ്രായമുണ്ട്. മോഡിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും പേര് വെളിപ്പെടുത്താത്ത ആര്‍എസ്എസ് നേതാവ് പറയുന്നു.