കോണ്‍ഗ്രസിന്റെ അപചയത്തെ വിമര്‍ശിച്ച് മലയാള മനോരമയുടെ എഡിറ്റോറിയൽ. അച്ചടക്കബോധമില്ലായ്മ പാര്‍ട്ടിയെ എത്രത്തോളം തകര്‍ത്തുവെന്നും ജനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് എങ്ങനെ അകന്നു പോയെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. സംഘടനാശേഷിയില്ലാത്ത വെറുമൊരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറിയെന്നതാണു യാഥാര്‍ഥ്യം- മനോരമ പറയുന്നു.
അര നൂറ്റാണ്ടിലേറെ രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ക്രമേണ ജനങ്ങളില്‍നിന്നും ജനഹിതത്തില്‍നിന്നും അകന്നുപോയി എന്നു പറയേണ്ടിവരുന്നു. നേതൃത്വത്തെപ്പറ്റിയുള്ള സങ്കല്‍പങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നത് കോണ്‍ഗ്രസ് അറിയാതെപോയോ എന്നു സംശയിക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ വന്ന അവ്യക്തത സംസ്ഥാനങ്ങളിലേക്കും പടര്‍ന്നുവെന്നുതന്നെ കരുതണം. കേരളത്തില്‍ ഏറ്റവുമൊടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു സംഭവിച്ച അപചയം ഈയൊരു കാഴ്ചപ്പാടില്‍ കാണേണ്ടതുണ്ട്.
കോണ്‍ഗ്രസ് എന്നും ജനങ്ങളുടെ പാര്‍ട്ടിയായിരുന്നു. ജനങ്ങള്‍ ചിന്തിക്കുന്നതെന്തെന്നു തിരിച്ചറിയാന്‍ കഴിയുന്ന പാര്‍ട്ടിയുമായിരുന്നു. ആ തിരിച്ചറിവില്‍നിന്നു കോണ്‍ഗ്രസ് അകന്നുപോയോ എന്നാണ് ആലോചിക്കേണ്ടത്. കോണ്‍ഗ്രസ് എന്നു കേട്ടാല്‍ ദേശീയ വികാരം ഉണരുകയും ജനങ്ങള്‍ കൂട്ടമായി വന്ന് വോട്ടു രേഖപ്പെടുത്തുകയും ചെയ്യുമെന്ന ധാരണയ്ക്ക് ഇനി നിലനില്‍പില്ല എന്ന ബോധ്യം പരമപ്രധാനമാണ്. സംഘടനാശേഷിയില്ലാത്ത വെറുമൊരു ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറിയെന്നതാണു യാഥാര്‍ഥ്യം.
കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടികളെപ്പോലെ ഘടനാപരമായ കെട്ടുറപ്പോ ആശയപ്രചാരണരീതിയോ അച്ചടക്കബോധമോ കോണ്‍ഗ്രസിലില്ലാത്തത് ആ പാര്‍ട്ടിയുടെ ദൗര്‍ബല്യം തന്നെയാണെന്ന് ഈ തെരഞ്ഞെടുപ്പും തെളിയിച്ചു. ഏറെക്കാലമായി കൊടികുത്തി വാഴുന്ന ഗ്രൂപ്പുകൾ കോണ്‍ഗ്രസിന്റെ ശാപമായി തുടരുകയുമാണ്. ദയനീയ പരാജയത്തിനുശേഷം പോലും കൂട്ടായ ചര്‍ച്ചകളെക്കാളേറെ ഉണ്ടായത് ഗ്രൂപ്പു സമീപനങ്ങളും പരസ്പരാരോപണങ്ങളുമാണ്. അച്ചടക്കം എന്നതു കോണ്‍ഗ്രസില്‍ അന്യമായിട്ട് കാലമേറെയായി. സ്വന്തം അഭിപ്രായങ്ങള്‍ പാര്‍ട്ടിവേദികളില്‍ പറയുന്നതിനു പകരം, പരസ്യമായ വിഴുപ്പലക്കലില്‍ അഭിരമിക്കുകയാണു നേതാക്കള്‍.
കേരളത്തിലെ കോണ്‍ഗ്രസില്‍ തിരുത്തലിനു സമയമായെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടുതന്നെ കാലമേറെയായി. ബൂത്തു തലം മുതല്‍ പാര്‍ട്ടിക്കു കെട്ടുറപ്പുണ്ടാക്കിയേ തീരൂവെന്ന പല്ലവി പോലും പറഞ്ഞുപഴകി. ജംബോ കമ്മിറ്റികള്‍ ഗുണം ചെയ്യില്ലെന്ന് അറിയാത്തവരായി ആ കമ്മിറ്റികളിലെ അംഗങ്ങള്‍ മാത്രമേ ഉണ്ടാവൂ. ഗ്രൂപ്പ് ആഭിമുഖ്യവും നേതാക്കളോടുള്ള അടുപ്പവുമാണ് പലരെയും ജംബോ കമ്മിറ്റികളിലെത്തിച്ചത്. പരസ്പരം പാര പണിയുന്നതില്‍ ശ്രദ്ധയൂന്നിയ ഇവരില്‍ പലരും, പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ആത്മാര്‍ഥമായി രംഗത്തുണ്ടായിരുന്നോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റികളും ദുര്‍ബലാവസ്ഥയിലാണ്. ഇത്തരത്തില്‍ പൊള്ളയായ സംഘടനാസംവിധാനവുമായി ഇനിയും പാര്‍ട്ടിക്കു മുന്നോട്ടുപോകാനാകുമെന്നാണോ നേതാക്കള്‍ കരുതുന്നത്?
കേരളത്തിലെ പാര്‍ട്ടിയില്‍ പൂര്‍ണ ഐക്യം നിലനിര്‍ത്തി എല്ലാ തലങ്ങളിലും മാറ്റം വരുത്തുമെന്നാണു കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു തീരുമാനിച്ചത്. ഇത്തരം തീരുമാനങ്ങള്‍ കോണ്‍ഗ്രസില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, തുടര്‍നടപടികളിലേക്ക് എത്തുന്നില്ല എന്നതാണു നിര്‍ഭാഗ്യകരം. എല്ലാ പ്രശ്‌നപരിഹാരത്തിനും ഹൈക്കമാന്‍ഡിന്റെ പേരു പറഞ്ഞ് ഇനിയും എത്രകാലം നേതാക്കള്‍ക്ക് അണികളെ അടക്കിനിര്‍ത്താനാകുമെന്നതു മറ്റൊരു ചോദ്യം.
1967ല്‍ കേരളത്തില്‍ വെറും ഒന്‍പതു സീറ്റാണ് ലഭിച്ചത്. അക്കാലത്ത് കെ എസ് യുവിന്റെ കരുത്താണു കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനു മുഖ്യമായും വഴിയൊരുക്കിയതെന്നു ചരിത്രത്തിലുണ്ട്. ഗുണപരമായ മാറ്റം ആഗ്രഹിക്കുന്ന യുവാക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇപ്പോഴും പാര്‍ട്ടിക്കു വേണമെങ്കില്‍ ശ്രമിക്കാവുന്നതാണ്. എന്നാല്‍, യുവതയെ ആവേശഭരിതരാക്കാനുള്ള നയപരിപാടികളും യുവനേതൃത്വവും പാര്‍ട്ടിക്കുണ്ടോ എന്നുകൂടി ആലോചിക്കണം.
കരുത്തുള്ള പ്രതിപക്ഷം കൂടി ചേര്‍ന്നതാണ് ശക്തമായ ജനാധിപത്യം. ജയിച്ചാലും തോറ്റാലും, തിരഞ്ഞെടുപ്പു ഫലം വരുന്ന ദിവസംമുതല്‍ അടുത്തതെരഞ്ഞെടുപ്പിനായി സ്വയം സജ്ജമാകുന്നതിലൂടെയാണ് ഏതു രാഷ്ട്രീയ പാര്‍ട്ടിയും പ്രഫഷനല്‍ സ്വഭാവം കാണിക്കേണ്ടത്.
തിരഞ്ഞെടുപ്പു വരുമ്ബോള്‍ മാത്രം ജനങ്ങളിലേക്കിറങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തനം പഴങ്കഥയായിക്കഴിഞ്ഞു. താഴെത്തട്ടിലുള്ള ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ക്കു ദൈനംദിനാടിസ്ഥാനത്തില്‍ പരിഹാരം കാണുകയും ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തനശൈലിക്കു മാത്രമേ ഏതു പാര്‍ട്ടിയെയും രക്ഷിക്കാന്‍ കഴിയൂ. കാലത്തിന്റെ ചുവരെഴുത്തു വായിച്ച്, ഇങ്ങനെയൊരു സ്വയംനവീകരണത്തിനു കോണ്‍ഗ്രസ് തയാറുണ്ടോ എന്ന് ആ പാര്‍ട്ടി തന്നെ തീരുമാനിക്കണം.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുത്തതുകൊണ്ടു പാര്‍ട്ടിക്കു പ്രത്യേകിച്ചു പ്രയോജനമൊന്നുമുണ്ടാവില്ല. അവരുടെ ഈ വികാരം പ്രതിഫലിക്കേണ്ടത് ഉന്നതതലം മുതല്‍ താഴെത്തട്ടുവരെ വരുത്തേണ്ട കാലാനുസൃത മാറ്റത്തിലാവണം. അതിന് അവര്‍ തയാറാവുകയും വേണം. വിശ്വാസ്യത തെളിയിച്ചാവണം ജനങ്ങളോടും കാലത്തോടുമുള്ള ആത്മാര്‍ഥത കോണ്‍ഗ്രസ് ബോധ്യപ്പെടുത്തേണ്ടത് എന്നും എഡിറ്റോറിയൽ പറയുന്നു.