– കെ വി –
ബി ജെ പിയും അത് നയിക്കുന്ന കേന്ദ്രഭരണവും … അതൊരു വേറിട്ട പാർട്ടിയാണ് ; വല്ലാത്തൊരു വാഴ്ചയും . എത്ര എതിർപ്പ് നേരിട്ടാലും കൂറ് കോർപ്പറേറ്റ് കുത്തക കമ്പനികളോട് . എങ്ങനെ ജനങ്ങളെ പിഴിയാനും അവർക്ക് കൂട്ട്.
പെട്രോളിയം ഇന്ധനവില വർധനയിലൂടെയുള്ള ദൈനം ദിനകൊള്ളയ്ക്ക് അരുനിൽക്കലിൽ മാത്രം ഒതുങ്ങുന്നില്ല ഈ മമത. കാർഷിക മേഖലയാകെ യഥേഷ്ടം കൈയടക്കാനും അംബാനി – അദാനിമാർക്ക് ഒപ്പംനിന്ന് ഒത്താശ ചെയ്യുകയാണ്.
അതിനെതിരെ സമരത്തിനിറങ്ങിയ കർഷകലക്ഷങ്ങളെ അടിച്ചമർത്താൻ അതിരുവിട്ട ക്രൗര്യവും നെറികെട്ട പ്രചാരണവും തുടരുകയും … പോരാത്തതിന് സംസ്ഥാന സർക്കാരിനുള്ള അവകാശംപോലും തട്ടിപ്പറിച്ച് തിരുവനന്തപുരം വിമാനത്താവളമടക്കമുള്ള രാഷ്ട്രസമ്പത്ത് അടിയറവെക്കലും .
എന്നിട്ടും ഇതൊക്കെ ജനങ്ങൾക്കുവേണ്ടി എന്ന ജല്പനം നാണമില്ലാതെ ആവർത്തിക്കുക. അതിനെല്ലാം ഓശാന പാടാൻ വാർത്താ മാധ്യമങ്ങളെ വരുതിയിലാക്കി കൂടെനിർത്തുക. എന്തിനേറെ, ഉളുപ്പില്ലാതെ താരത്തിളക്കമുള്ള ദേശീയ പ്രതിഭകളെവരെ വളഞ്ഞ വഴിയിൽ സ്വാധീനിച്ച് സ്തുതിഗീതം പാടിക്കുകയും … ഇതെന്തൊരു ദുരവസ്ഥയാണ് ..!
ഏഴുവർഷംമുമ്പ് നരേന്ദ്രമോദി അധികാരത്തിലേറുമ്പോൾ പെട്രോൾ ലിറ്ററിന് വില 72 രൂപയായിരുന്നു. ഡീസലിന് 55 രൂപയും. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാകട്ടെ, 300 രൂപയിൽ താഴെയായിരുന്നു വില. അതിപ്പോൾ നിത്യേനയെന്നോണം കൂട്ടി പെട്രോളിന് 90 രൂപയ്ക്ക് അടുത്തെത്തി. ഡീസലിന് 83 രൂപയായി. ഗ്യാസിനോ – 800 രൂപയും. കേന്ദ്ര സർക്കാർ വകയുള്ള സബ്സിഡി ഇപ്പോൾ അനുവദിക്കുന്നുമില്ല.
2014 ൽ ബി ജെ പി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്നത് പെട്രോൾവില ലിറ്ററിന് 50 രൂപയാക്കി കുറയ്ക്കുമെന്നാണ്. എന്നാൽ അന്താരാഷ്ട വിപണിയിൽ ക്രൂഡ് ഓയിൽവില കുത്തനെ ഇടിഞ്ഞപ്പോൾപോലും ഇവിടെ വില ഉയർത്തുകതന്നെയായിരുന്നു.
കോവിഡ് സാഹചര്യത്തിലുള്ള ലോക് ഡൗൺമൂലം കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിൽ അസംസ്കൃത എണ്ണയുടെ വില ലോകവ്യാപകമായി താഴ്ന്നിരുന്നു.
പക്ഷേ, അപ്പോഴും ഇന്ത്യയിൽ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും വീതം പ്രത്യേക തീരുവ കൂട്ടുകയാണ് ചെയ്തത്. അതിലൂടെ രണ്ടരലക്ഷം കോടി രൂപയുടെ വമ്പൻ വരുമാനമാണ് കേന്ദ്ര ഖജനാവിലേക്ക് എത്തിയത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് നൽകിയപ്പോൾ പല ന്യായവാദങ്ങളും കേന്ദ്ര ഭരണക്കാർ നിരത്തിയിരുന്നു. എണ്ണ ഖനികളുള്ള രാജ്യങ്ങളിൽ പെട്രോളിയം സാധനവിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നതനുസരിച്ച് ഇവിടെയും വിലയിൽ വ്യത്യാസമുണ്ടാകുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.
എന്നാൽ ഇന്ത്യയിൽ വില തുടർച്ചയായി കൂട്ടുകയല്ലാതെ ഒരിക്കലും കുറച്ചിട്ടില്ല. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 11 തവണയാണ് വില വർധിപ്പിച്ചത്. 2018 – 19 ൽ രാജ്യത്തെ സ്വകാര്യ പെട്രോളിയം കമ്പനികളുടെ ലാഭം 50000ത്തിൽപരം കോടി രൂപയായിരുന്നു. പൊതുമേഖലയുടേത് വേറെ വരും. അത്രയും ഭീമമായ തുക ജനങ്ങളുടെ കീശയിൽനിന്ന് ചോർത്തിയെടുക്കുകയായിരുന്നു.
പെട്രോളിയം ഉല്പന്ന വിലവർധന ഏറ്റവും രൂക്ഷമായി ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. ഭക്ഷ്യധാന്യങ്ങൾക്കും പയറിനങ്ങൾക്കും പച്ചക്കറികൾക്കുമുൾപ്പെടെ അന്യസംസ്ഥാനങ്ങളെയാണ് നാം ആശ്രയിക്കുന്നത്. വളരെ ദൂരെനിന്നുള്ള ചരക്ക് കടത്തുകൂലിയിലെ ഉയർച്ച നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുന്നുണ്ട്. മാത്രമല്ല , വാഹനങ്ങളുടെ എണ്ണവും കൂടുതലാണിവിടെ. ഇടത്തരം കുടുംബങ്ങൾക്കുവരെ സ്വന്തമായി വാഹനമുണ്ട്.
ടൂ വീലർ ഉപയോഗിക്കുന്ന തൊഴിലാളികളും ഏറെ. ഗ്യാസ് ഉപഭോക്താക്കളുടെ എണ്ണവും താരതമ്യേന അധികമാണ്. ടാക്സി വാഹനങ്ങളിലെയും
ഓട്ടോറിക്ഷകളിലെയും ഡ്രൈവർമാരുടെ വരുമാന നഷ്ടം വേറെ. മഹാമാരിക്കാലത്തെ യാത്രാനിബന്ധനകൾക്കൊപ്പം താങ്ങാനാവാത്ത എണ്ണ വിലയും സ്വകാര്യബസ് ട്രാൻസ്പോർട്ടിനെപോലും പ്രതിസന്ധിയിലാക്കുന്നു.
എന്നാൽ സംസ്ഥാനത്തെ ബി ജെ പി നേതാക്കൾ ഇപ്പോഴും ഇന്ധന വിലവർധനയെ ന്യായീകരിക്കുകയാണ്. ദേശീയതലത്തിൽ ശുചിത്വപദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നത് ഈ വരുമാനത്തിൽനിന്നാണെന്ന വാദമാണ് കേന്ദ്ര സഹമന്തി വി മുരളീധരൻ ഉന്നയിക്കുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്. കേന്ദ്രത്തിന് ഫണ്ട് സമാഹരിക്കാൻ മറ്റെന്തെല്ലാം മാർഗങ്ങളുണ്ട് . കോർപ്പറേറ്റ് നികുതി വർധിപ്പിച്ചുകൂടേ … അത് പറ്റില്ല , പകരം സാധാരണക്കാരിൽനിന്ന് പിഴിയണമെന്ന് എന്തിനാണിത്ര നിർബന്ധം …?
വില കുറയ്ക്കാനാവാത്തത് സംസ്ഥാനം ഉയർന്ന തോതിൽ നികുതി – വാറ്റ് – ഈടാക്കുന്നതുകൊണ്ടാണെന്നാണ് മറ്റൊരു ആരോപണം. പക്ഷേ, സത്യമെന്താണ് – ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ 32.98 രൂപയും കേന്ദ്രതീരുവയാണ്. ഡീസലിന് 31.83 രൂപ നിരക്കിലും ഈടാക്കുന്നു. അതേസമയം വാറ്റ് ഇനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതോ – ലിറ്ററിന്മേൽ ഏതാണ്ട് 18 രൂപയും.
പെട്രോൾ, ഡീസൽ എന്നിവയ്ക്ക് അടിസ്ഥാന വില യഥാക്രമം 28.13 രൂപയും 29.19 രൂപയുമേയുള്ളൂ. കേന്ദ്രസർക്കാർ അധികനികുതി ചുമത്തി തട്ടിയെടുക്കുന്നത് വൻ തുകയാണ്. 2018 -19 ൽ മാത്രം അത് 2,31,045 രൂപയായിരുന്നു. ആ കാലയളവിൽ എല്ലാ സംസ്ഥാനങ്ങൾക്കുംകൂടി നൽകിയ വിഹിതം 27,024 കോടി രൂപയും.
ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശ് മുതൽ കർണാടകംവരെയുള്ള സംസ്ഥാനങ്ങളിൽ പെട്രോളിയം ഉല്പന്ന വില കേരളത്തിലേതിന് തുല്യമോ അതിൽ കൂടുതലോ ആണ്. വേണമെങ്കിൽ പെട്രോളിയം ഉല്പന്നമേഖലയിൽ വാറ്റ് കേന്ദ്രത്തിന് ഒഴിവാക്കാം.
പകരം ഇന്ധനവില്പന ജി എസ് ടി പരിധിയിൽ പെടുത്തിയാൽ മതി. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം അതിൽനിന്ന് കൊടുക്കാവുന്നതാണുതാനും. ബി ജെ പി സംസ്ഥാനനേതൃത്വം പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കേന്ദ്രത്തിൽ സമ്മർദ്ദംചെലുത്തി അങ്ങനെ ചെയ്യിച്ചാൽ മതിയല്ലോ.