ബ്രേക്കിംഗ് : മോഡി സ്തുതിയുമായി സുപ്രിംകോടതി ജഡ്ജി എം ആർ ഷാ, ജനപ്രിയനും ദീർഘവീക്ഷണവുമുള്ള നേതാവെന്ന് വിശേഷണം

0
92

പ്രധാനമന്ത്രി നരേന്ദ്രമോഡി ഞങ്ങളുടെ ഏറ്റവും ജനപ്രീതിയുള്ള, പ്രിയപ്പെട്ട, ഊർജ്ജസ്വലനായ, ദർശനാത്മകതയുള്ള ദീർഘ വീക്ഷണമുള്ള നേതാവെന്ന് വിശേഷിപ്പിച്ച് സുപ്രീംകോടതിയിലെ മുതിർന്ന ജസ്റ്റിസ് എം ആർ ഷാ.

ഗുജറാത്ത് ഹൈക്കോടതി വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അനുസ്മരണസ്റ്റാമ്പ് പുറത്തിറക്കുന്ന വെർച്വൽ ചടങ്ങിലാണ് ജസ്റ്റിസ് എം ആർ ഷാ മോഡി സ്തുതിയുമായി രംഗത്തുവന്നത്. നരേന്ദ്രമോഡിയെ സഹോദരൻ എന്നർത്ഥത്തിൽ നരേന്ദ്രഭായ് മോഡിജി എന്നാണ് ഷാ വിശേഷിപ്പിച്ചത്. ഷായുടെ മോഡി സ്തുതി ചടങ്ങിൽ പങ്കെടുത്തവരെയാകെ സ്തബ്ധരാക്കി.

60 വർഷം പൂർത്തിയാവുന്ന ഗുജറാത്ത് ഹൈക്കോടതിയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്ന പ്രധാനചടങ്ങിൽ പങ്കെടുക്കാനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം അഭിമാനവും.

അതും നമ്മുടെ ഏറെ ജനപ്രിയനും പ്രിയപ്പെട്ടതും ഊർജ്ജസ്വലനും ദർശനാത്മകവുമായ നേതാവ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രഭായി മോഡിജിക്കൊപ്പം പങ്കെടുക്കുന്നതിൽ എന്നായിരുന്നു ജസ്റ്റിസ് എം ആർ ഷായുടെ പ്രസംഗം.

മാത്രമല്ല, ഗുജറാത്ത് ഹൈക്കോടതിയെ തന്റെ കർമ്മഭൂമി എന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് ഷാ, അധികാര വിഭജനം എന്ന ഭരണഘടനാ സങ്കൽപ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

‘നമ്മുടെ ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തങ്ങളിലൊന്നാണ് ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, നിയമസഭ എന്നിവ തമ്മിലുള്ള അധികാര വിഭജനം. ഈ മൂന്ന് വിഭാഗങ്ങളും അതാത് മേഖലകളിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗുജറാത്ത് ഹൈക്കോടതി എല്ലായ്‌പ്പോഴും ഇത് ഉയർത്തിപ്പിടിച്ചെന്ന് ഞാൻ അഭിമാനിക്കുന്നു. അതിന്റെ സമഗ്രത കാരണം ലക്ഷ്മണരേഖ മറികടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

22 വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയും 14 വർഷം ജഡ്ജിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഗുജറാത്ത് ഹൈക്കോടതി മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അശ്രാന്ത പരിശ്രമം നടത്തിയെന്നും എല്ലായ്‌പ്പോഴും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതിയാണ് രാജ്യത്ത് ആദ്യത്തെ ലോക് അദാലത്ത് സംഘടിപ്പിച്ചത്.

യൂട്യൂബിൽ വെർച്വൽ ഹിയറിങ് നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുന്ന രാജ്യത്തെ ഏക കോടതിയാണിത്. ജുഡീഷ്യറി ഇന്ന് സത്യത്തിന്റെയും പ്രത്യാശയുടെയും ഒരു വിളക്കുമാടമായി നിലകൊള്ളുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ ചരിത്രം വളരെ വിപുലമാണ്. ഞാനത് വിവരിക്കാൻ തുടങ്ങിയാൽ ദിവസം മുഴുവൻ വേണ്ടിവരും.

ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട, മാന്യനായ, പ്രധാനമന്ത്രിയെ കേൾക്കാനുള്ളതിനാൽ, ഞാൻ വിഷയം ചുരുക്കി ആശംസകൾ നേരുകയാണെന്നും പറഞ്ഞാണ് ജസ്റ്റിസ് ഷാ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

രാജ്യത്തോടുള്ള പ്രതിബദ്ധത കാരണമാണ് പ്രധാനമന്ത്രി വൻതോതിൽ ജനപ്രീതി നേടിയതെന്ന് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. പ്രധാനമന്ത്രി ഈ പരിപാടിയിൽ പങ്കെടുത്തതിനാൽ ചരിത്രപരമായ ചടങ്ങാണെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മോഡി പുകഴ്ത്തൽ.

2018ൽ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എം ആർ ഷാ സത്യപ്രതിജ്ഞ ചെയ്തപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തന്റെ ‘മോഡലും ഹീറോയും’ എന്ന് വിശേഷിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഒരു പൊതു ചടങ്ങിൽ സംസാരിക്കവേ ആഗോളതലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന പ്രതിഭയാണ് മോഡി എന്നാണ് വിശേഷിപ്പിച്ചത്.

ഈ പരാമർശം പിന്നീട് വലിയ വിവാദമായി. ജസ്റ്റിസ് മിശ്രയുടെ അഭിപ്രായം ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ മോശമായി പ്രതിഫലിപ്പിക്കുന്നുവെന്ന് വിമർശിച്ച്‌ സുപ്രിം കോടതി ബാർ അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നു.