പട്ടയം കിട്ടി അന്നമ്മ ഹാപ്പി,മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലെ മനസ്സു നിറയുന്ന കാഴ്ച

0
29

95 വയസുള്ള അന്നമ്മയെ ചേർത്ത് പിടിച്ചു മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു അമ്മയ്ക്ക് ഞാൻ ആരാണെന്നു മനസ്സിലായോ. പ്രായത്തിന്റെ അവശതകൾ ഏതുമില്ലാതെ നിറപുഞ്ചിരിയോടെ ഉത്തരവും ഉടൻ എത്തി, മന്ത്രി ആണോ. അതെ എന്ന് മന്ത്രിയും. അഞ്ച് പതിറ്റാണ്ട് മുൻപാണ് കരവാളൂരിൽ അന്നമ്മ ന്യായവില നൽകി ഭൂമി വാങ്ങിയത്. എന്നാൽ നിയമപരമായ രേഖകൾ ഇല്ലാത്ത ഭൂമിയാണ് താൻ വാങ്ങിയതെന്ന വിവരം വർഷങ്ങൾക്ക് ശേഷമാണ് അറിയുന്നത്.

ആകെയുള്ള സമ്പാദ്യം നൽകി വാങ്ങിയ ഭൂമിയുടെ നിയമപരയ അവകാശത്തിന് വേണ്ടി പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് പുനലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്- സ്വാന്തന സ്പർശത്തിൽ പരിഹാരമായിരിക്കുന്നത്.കരവാളൂരുള്ള 10സെന്റ് ഭൂമിയുടെ പട്ടയം അദാലത്തിൽ വച്ച് മന്ത്രിമാരായ കെ രാജു, ജെ മേഴ്സികുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ചേർന്ന് കൈമാറി.

സ്വന്തം പേരിൽ 10 സെന്റ് ഭൂമി എന്ന സ്വപ്നം 95ആം വയസിൽ യാഥാർഥ്യമായതിന്റെ സന്തോഷം അന്നമ്മ മന്ത്രിയുമായി പങ്കുവെച്ചു. ചെറുമകൻ ജോജിയോടൊപ്പമാണ് അദാലത്തിൽ അപേക്ഷയുമായി എത്തിയത്. ഭർത്താവ് ഡാനിയേൽ മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് സ്വന്തം ഭൂമിക്കായി അന്നമ്മ പോരാടിയത്. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനാണു സംസ്ഥാന സർക്കാരിന്റെ കരുതൽ കരങ്ങൾ അന്നമ്മയ്ക്ക് തുണയേകിയത്. ഇപ്പോൾ ഇളയ മകനൊപ്പമാണ് അന്നമ്മ താമസം. എല്ലാ മന്ത്രിമാരോടും പറഞ്ഞറിയിക്കാൻ കഴിയാത്തത്ര നന്ദിയുണ്ടെന്ന് അന്നമ്മ പറഞ്ഞു.