തൃശൂർ പൂരത്തിനിടെ മരം വീണ് അപകടം: ദേവസ്വം അംഗങ്ങളായ രണ്ട് പേർ മരിച്ചു

0
115

തൃശൂർ പൂരത്തിനിടെ ആൽ മരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേർ മരിച്ചു. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ കുട്ടനെല്ലൂർ സ്വദേശി രമേശ്, പനയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉൾപ്പെടെ ഏതാനും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഒന്നര മണിക്കൂർ സമയമെടുത്ത് ഫയർഫോഴ്സ് ആൽമരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.

ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽ ശാഖ പൊട്ടി വീണ് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്.പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളിൽ ഏർപ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കൊവി‍ഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇത്തവണ വളരെ കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. ആൾക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.