സുകുമാരന്‍ നായര്‍ സെക്രട്ടറി സ്ഥാനമൊഴിയും, കാശിയിലേക്കോ?

0
82

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സ്ഥാനം സുകുമാരന്‍ നായര്‍ ഒഴിയുമെന്ന് സൂചന. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് സന്യാസ ജീവിതത്തിലേയ്ക്ക് കടക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം നിരശായുണ്ടാക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ തീരുമാനം. യു.ഡി.എഫിന് ഭരണത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അടുപ്പക്കാരോട് അദ്ദേഹം സൂചിപ്പിച്ചു കഴിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ ഒളിഞ്ഞും തെളിഞ്ഞും യു.ഡി.എഫിനെ സഹായിക്കുന്ന നിലപാട് സുകുമാരന്‍ നായര്‍ സ്വീകരിച്ചിരുന്നു. സമദൂരത്തില്‍ നിന്ന് വ്യതിചലിച്ച് പല ഘട്ടങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന് ചര്‍ച്ചയാക്കുന്നതില്‍ സുകുമാരന്‍ നായര്‍ വലിയ പരിശ്രമമാണ് നടത്തിയത്.

സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുക എന്ന ലക്ഷ്യം വച്ച് നിരന്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും എന്‍.എസ്.എസും സര്‍ക്കാരും ഏറ്റുമുട്ടലിലാണെന്ന പ്രതീതി ഉണ്ടാക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, എന്‍.എസ്.എസുമായി യാതൊരുവിധ ഏറ്റുമുട്ടലിനും ഇല്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടും വിവാദങ്ങള്‍ സൃഷ്ടിക്കാനായിരുന്നു സുകുമാരന്‍ നായരുടെ ശ്രമം. യു.ഡി.എഫിനായി പ്രചാരണം നടത്തുന്ന തരത്തിലായിരുന്നു പല ഘട്ടങ്ങളിലും അദ്ദേഹത്തിന്‍റെ നിലപാട്. എന്നാല്‍ എന്‍.എസ്.എസ്. അനുയായികളില്‍ ഭൂരിഭാഗത്തിനും സുകുമാരന്‍ നായരുടെ നിലപാടിനോട് കടുത്ത എതിര്‍പ്പാണ് ഉണ്ടായിരുന്നത്. ഭരണത്തുടര്‍ച്ചയുണ്ടായാല്‍ ആ എതിര്‍പ്പ് മറനീക്കി പുറത്തു വരുമെന്ന് സുകുമാരന്‍ നായര്‍ ഭയക്കുന്നു.

മുന്‍പ് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് സമയത്ത് എന്‍.എസ്.എസ്. യു.ഡി.എഫിന് അനുകൂലമായി പരസ്യ നിലപാട് സ്വീകരിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്നുതന്നെ എന്‍.എസ്.എസിന്‍റെ നേതൃനിരയിലുള്ളവരടക്കം പലരും സുകുമാരന്‍ നായരുടെ നിലപാടിനെ ചോദ്യം ചെയ്തിരുന്നു. യു.ഡി.എഫിനായി പരസ്യ നിലപാട് സ്വീകരിച്ച സുകുമാരന്‍ നായര്‍ ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതോടെ മൗനത്തിലായിരുന്നു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫിനായി എന്‍.എസ്.എസിന്‍റെ പ്രഖ്യാപിത നയമായ സമദൂര സിദ്ധാന്തം ബലികഴിപ്പിച്ച് സുകുമാരന്‍ നായര്‍ രംഗത്തെത്തി. ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് ദിവസം പോലും എന്‍.എസ്.എസ്. അനുഭാവികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി. എന്നാല്‍, അതൊന്നും യു.ഡി.എഫിന് ഗുണമായില്ലെന്ന തിരിച്ചറിവിലാണ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് സന്യാസ ജീവിതത്തിലേക്ക് സുകുമാരന്‍ നായര്‍ പോകുന്നത്. ലഭ്യമായ സൂചനകള്‍ അനുസരിച്ച് മെയ് രണ്ടാം വാരം തന്നെ സുകുമാരന്‍ നായര്‍ സെക്രട്ടറി സ്ഥാനമൊഴിയുമെന്നാണ് അറിയുന്നത്. ഇങ്ങനെ പോയാൽ അദ്ദേഹം കാശിയിലേക്ക് പോകുന്നതല്ലേ നല്ലതെന്നാണ് എൻ എസ് എസ് ആസ്ഥാനത്തെ അടക്കം പറച്ചിൽ.