ഐപിഎൽ : ഡൽഹി തുടങ്ങി ; ചെന്നൈയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

0
98

പൃഥ്വി ഷായുടെയും ശിഖർ ധവാന്റെയും വെടിക്കെട്ടിൽ മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്‌ ചാമ്പലായി. ഡൽഹി ക്യാപിറ്റൽസിന്റെ യുവനിര മഹേന്ദ്ര സിങ്‌ ധോണിയുടെ സംഘത്തെ ഏഴ് വിക്കറ്റിനാണ്‌ തകർത്തത്‌. ക്യാപ്‌റ്റൻ കുപ്പായത്തിൽ ഐപിഎലിലെ അരങ്ങേറ്റം ഋഷഭ്‌ പന്ത്‌ ആഘോഷമാക്കി.

ആദ്യം ബാറ്റ്‌ ചെയ്‌ത ചെന്നൈ ഏഴിന്‌ 188 റണ്ണാണ്‌ നേടിയത്‌. മറുപടിക്കെത്തിയ ഡൽഹി ഓപ്പണർമാരായ പൃഥ്വിയുടെയും (38 പന്തിൽ 72) ശിഖർ ധവാന്റെയും (54 പന്തിൽ 85) തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ എളുപ്പത്തിൽ ജയം നേടി. 1.2 ഓവർ ബാക്കി നിൽക്കെയായിരുന്നു ഡൽഹിയുടെ ജയം.

വലിയ ലക്ഷ്യത്തിലേക്ക്‌ പതർച്ചയില്ലാതെ ഡൽഹി തുടങ്ങി. പൃഥ്വിയായിരുന്നു കൂടുതൽ ആക്രമിച്ച്‌ കളിച്ചത്‌. പേസർമാരെ നിലയുറപ്പിക്കാൻ സമ്മതിച്ചില്ല. മൂന്ന്‌ സിക്‌സറും ഒമ്പത്‌ ഫോറും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. 13.3 ഓവറിൽ 138 റണ്ണാണ്‌ പൃഥ്വി–ധവാൻ സഖ്യം അടിച്ചുകൂട്ടിയത്‌. ധവാൻ രണ്ട്‌ സിക്‌സറും 10 ഫോറും പായിച്ചു. 15 റണ്ണുമായി ക്യാപ്റ്റൻ പന്ത് പുറത്താകാതെനിന്നു.

ചെന്നൈയെ സുരേഷ്‌ റെയ്‌നയുടെ ഇന്നിങ്‌സാണ്‌ രക്ഷിച്ചത്‌. ഇടവേളയ്‌ക്കുശേഷം ക്രിക്കറ്റിലേക്ക്‌ തിരിച്ചെത്തിയ ഈ ഇടംകൈയൻ 36 പന്തിൽ 54 റണ്ണെടുത്തു. ക്യാപ്‌റ്റൻ മഹേന്ദ്ര സിങ്‌ ധോണി റണ്ണെടുക്കുംമുമ്പ്‌ മടങ്ങിയപ്പോൾ വാലറ്റത്ത്‌ സാം കറനും (15 പന്തിൽ 34) രവീന്ദ്ര ജഡേജയും (17 പന്തിൽ 26) ചേർന്നാണ്‌ ചെന്നൈക്ക്‌ മികച്ച സ്‌കോറൊരുക്കിയത്‌. ക്രിസ്‌ വോക്‌സും അവേഷ്‌ ഖാനും ഡൽഹിക്കായി രണ്ട്‌ വീതം വിക്കറ്റ്‌ നേടി.