ഐപിഎല്‍ ക്രിക്കറ്റിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേ‍ഴ്സ് മത്സരം

0
38

ഐപിഎല്‍ ക്രിക്കറ്റിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7:30 ന് ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. വിദേശ താരങ്ങൾ നായകനായ ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

മുൻ ചാമ്പ്യന്മാർ തമ്മിലുള്ള വാശിയേറിയ മത്സരം ചെപ്പോക്ക് സ്റ്റേഡിയത്തെ ആവേശത്തിലാറാടിക്കും. 2 തവണ കിരീടത്തിൽ മുത്തമിട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുൻ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളി. 2016 ലെ ഫൈനലിൽ RCB യെ തോൽപിച്ചായിരുന്നു ഹൈദരാബാദിന്റെ കന്നി കിരീട നേട്ടം.

2018ൽ ഫൈനലിലെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റു മടങ്ങാനായിരുന്നു വിധി. കഴിഞ്ഞ 2 സീസണുകളിലും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സൺറൈസേഴ്സ് ഹൈദരാബാദിന് സാധിച്ചിട്ടില്ല.

ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ ക്യാപ്ടനായ ടീമിൽ ബാറ്റിംഗ് നിരയ്ക്ക് കെട്ടുറപ്പേകാൻ ജാസൺ റോയ്, കെയിൻ വില്യൻസൻ, ജോണി ബെയർസ്റ്റോ, വൃദ്ധിമാൻ സഹ, കേദാർ ജാദവ് എന്നിവരുണ്ട്.ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ ,മുജീബുർ റഹ്മാൻ, ടി നടരാജൻ ,സിദ്ധാർത്ഥ് കൗൾ എന്നിവർക്കാണ് ബൗളിംഗ് ആക്രമണത്തിന്റെ നേതൃത്വം. ബേസിൽ തമ്പിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ മലയാളി താരം.

വിജയത്തിൽ കുറഞ്ഞൊന്നും ചെപ്പോക്കിൽ ടീം പ്രതീക്ഷിക്കുന്നില്ല. അതേ സമയം പ്രതാപകാലം വീണ്ടെടുക്കാൻ ഉറച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തയ്യാറെടുപ്പ്.ഇംഗ്ലണ്ടിന്റെ എയിൻ മോർഗനാണ് നൈറ്റ്റൈഡേഴ്സിന്റെ നായകൻ. സൂപ്പർ ഓൾറൗണ്ടർമാരായ ആന്ദ്രേ റസ്സൽ, ഷാക്കിബ് അൽ ഹസ്സൻ എന്നിവരുടെ സാന്നിധ്യമാണ് കൊൽക്കത്ത ടീമിന്റെ കരുത്ത്.

ദിനേഷ് കാർത്തിക്ക്,കരുൺ നായർ, ശുഭ്മാൻ ഗിൽ, നിതീഷ് റാണെ, തുടങ്ങിയവരാണ് നൈറ്റ് റൈഡേഴ്സ് ടീമിലെ ബാറ്റിംഗ് പോരാളികൾ.

ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാൻ ഓസീസ് പേസർ പാറ്റ് കമ്മിൻസിനാണ്. കുൽദീപ് യാദവ്, ലോക്കി ഫെർഗൂസൻ ഹർഭജൻ സിംഗ്, സുനിൽ നരെയ്ൻ എന്നിവരടങ്ങുന്ന ബൗളിംഗ് നിര എതിർ ടീമുകൾക്ക് ഭീഷണിയാകും. ടീമുകൾ 19 തവണ മുഖാമുഖം വന്നപ്പോൾ 12 തവണയും വിജയം കൊൽക്കത്തൻ ടീമിനൊപ്പമായിരുന്നു.

7 തവണ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്. കഴിഞ്ഞ സീസണിൽ 2 തവണ ഏറ്റുമുട്ടിയപ്പോൾ 2 തവണയും വിജയം കൊൽക്കത്തയ്ക്കായിരുന്നു. വിജയം ആവർത്തിക്കാൻ ഉറച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പകരം ചോദിക്കാനായി സൺ റൈസേഴ്സ് ഹൈദരാബാദും നേർക്ക് നേർ വരുമ്പോൾ ചെപ്പോക്കിൽ ആവേശം വാനോളം ഉയരും.