തൃശ്ശൂരിൽ ‘ആവേശം’ മോഡൽ ഗുണ്ടാ പാർട്ടി; വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ച് പോലീസ്

0
116

തൃശ്ശൂരിൽ ‘ആവേശം’ മോഡൽ ഗുണ്ടാസംഘത്തിൻ്റെ പാർട്ടിയുടെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പോലീസ് ഇടപെടൽ. കാപ്പ ചുമത്തിയ പ്രതികൾ പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിൽ കഞ്ചാവ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിൻ്റെ തീരുമാനം.

കാപ്പ പ്രതികൾ ഇക്കൂട്ടത്തിലുണ്ടോ എന്ന കാര്യമാണ് പ്രധാനമായി പരിശോധിക്കുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ നടപടികളിലേക്ക് പോകുമെന്ന് പൊലീസ് അറിയിച്ചു. പാർട്ടിയുടെ റീൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്യുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് ഉന്നത ഉദ്യോ​ഗസ്ഥർക്ക് നൽകിയിരുന്നു.

തൃശൂരിൽ ഇരട്ടക്കൊലക്കേസ് പ്രതി പുറത്തിറങ്ങിയതിൽ ആഘോഷത്തിലാണ് തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് പാര്‍ട്ടി നടത്തിയത്. ഇതിൻ്റെ റീൽ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ആവേശത്തിലെ എടാ മോനേ എന്ന ഹിറ്റ് ഡയലോഗിനും പാട്ടിനും ഒപ്പമാണ് റീൽ പങ്കുവെച്ചിരിക്കുന്നത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അനൂപാണ് ആവേശം മോഡൽ പാർട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പാർട്ടിയിൽ പങ്കെടുത്തു. പാർട്ടിയിലേക്ക് മദ്യക്കുപ്പികൾ കൊണ്ടുപോകുന്നത് അടക്കം റീൽസിൽ ഉണ്ട്. കൊട്ടേക്കാട് പാടശേഖരത്താണ് പാർട്ടി നടത്തിയത്. പോലീസ് ജീപ്പിനു സമീപത്ത് അനൂപ് നിൽക്കുന്നതും വീഡിയോയിൽ കാണാം.