ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ ; മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദേശം, സർവ്വ സന്നാഹങ്ങളുമായി വനംവകുപ്പ്

ബൈരക്കുപ്പ ഭാഗത്തെ ഒരു തെങ്ങിൻ തോപ്പിലാണ് ആന തമ്പടിച്ചിരിക്കുന്നത്. നിരവധി ആളുകളും കർഷകരും താമസിക്കുന്ന പ്രദേശമാണ് ഇവിടം

0
156

കൽപ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തില്‍ എത്തുകയായിരുന്നു. പെരിക്കല്ലൂരിൽ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയിരിക്കുകയാണ്. അതേസമയം കാട്ടാനയെ പിടികൂടാൻ ഉള്ള ദൗത്യം പത്താം ദിവസത്തിലേക്ക്.

സര്‍വ്വ സന്നാഹങ്ങളുമായി വനംവകുപ്പ് തയ്യാറായിരിക്കുകയാണ്. ബൈരക്കുപ്പ ഭാഗത്തെ ഒരു തെങ്ങിൻ തോപ്പിലാണ് ആന തമ്പടിച്ചിരിക്കുന്നത്. നിരവധി ആളുകളും കർഷകരും താമസിക്കുന്ന പ്രദേശമാണ് ഇവിടം. അതിരാവിലെ തന്നെ കർഷകർ പാടശേഖരങ്ങളിലേക്ക് കാർഷികവൃത്തിക്കായി പോകാറുണ്ട്. ആനയുടെ സാന്നിധ്യം മനസ്സിലാക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടികളാണ് വനം വകുപ്പ് സ്വീകരിച്ചു വരുന്നത്. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് ആനയെ പിടികൂടാൻ ഉള്ള ശ്രമം ആരംഭിക്കും. നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് നീങ്ങിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി കർണാടക വനമേഖലയിലായിരുന്നു ആന ഉണ്ടായിരുന്നത്. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. ഇക്കാരണത്താൽ മയക്കുവെടി ദൗത്യം നിലച്ചിരുന്നു. റോഡിയോ കോളര്‍ സിഗ്‌നലുകള്‍ അടിസ്ഥാനമാക്കിയാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചിരുന്നത്. ഫെബ്രുവരി 11-നാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്.