ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു

കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ തുടർന്നുള്ള ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.

0
83

ഹരിപ്പാട്: ദേശീയപാതയിൽ കരുവാറ്റ ടി ബി ജംഗ്ഷൻ സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയ തുടർന്നുള്ള ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്.

ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഷരീഫ് വാഹനം ഒതുക്കി നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇതിനാൽ വലിയ അപകടമാണ് ഒഴിവായത്.

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് വടകര ആയഞ്ചേരിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മേമുണ്ടയിൽ നിന്നും കടമേരിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. അപകടത്തില്‍ ആർക്കും പരിക്കില്ല. കാറിൽ നിന്ന് പുക ഉയരുന്നതോടെ കാർ ഓടിച്ചയാൾ ഇറങ്ങിയോടുകയായിരുന്നു. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത്. ആയഞ്ചേരി ടൗണിൽ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വടകരയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും കാർ കത്തി നശിച്ചിരുന്നു.