കേരളം നൽകിയ കേസ് പിൻവലിച്ചാൽ വായ്പയെന്ന് കേന്ദ്രം; പിൻവലിക്കില്ല, അർഹതപ്പെട്ടതെന്ന് കേരളം

കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ കൂടി അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം

0
85

ദില്ലി: സംസ്ഥാനത്തിന് നൽകാനുള്ള കേന്ദ്ര വിഹിതം കിട്ടണമെങ്കിൽ കേരളം നൽകിയ കേസ് പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ കൂടി അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സർക്കാർ.

തരാനുള്ള തുക വളരെ വലുതാണ്. എന്നാൽ ന്യായമായത് പോലും കിട്ടുന്നില്ല. മാർച്ച് 6, 7 തീയതികളിൽ കേസ് കോടതി പരിഗണിക്കും. ഹർജി പിൻവലിച്ചാലേ വിഹിതം തരികയുള്ളു എന്ന് പറയുന്നത് ശരിയല്ല. ഹർജി ഇല്ലെങ്കിലും തരാനുള്ളത് കേന്ദ്രം തരേണ്ടതാണ്. അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് നമ്മൾ ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പല സംസ്ഥാനങ്ങൾക്കും കേന്ദ്ര അവഗണനയുടെ പ്രശ്‌നമുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അല്ലാത്ത സംസ്ഥാനങ്ങളും എന്ന രീതിയിലാണ് കാര്യങ്ങൾ. ബിജെപി പറയുന്നതാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നിയമസഭയിൽ പറയുന്നത്. കോൺഗ്രസ് അധ്യക്ഷനും കർണാടക നേതാക്കൾക്കും വ്യത്യസ്ത അഭിപ്രായമാണ്. കോൺഗ്രസിന്റെ ഈ നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു

കടമെടുപ്പ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ച പോസിറ്റീവായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ചർച്ചയിൽ പ്രധാനപ്പെട്ട പല കാര്യങ്ങളിലും പ്രതികൂലമായ മറുപടിയാണ് ലഭിച്ചത്. കേസ് കൊടുത്തതിൽ കേന്ദ്രത്തിന് ഈഗോ പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ല. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഇനി എന്ത് നിലപാട് അറിയിക്കുമെന്നത് അറിയാനായി കാത്തിരിക്കുകയാണെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു. ചർച്ച നേട്ടമായില്ല. കോടതിയിൽ കേസ് നിൽക്കുമ്പോൾ എങ്ങനെ ചർച്ച ചെയ്യും തീരുമാനമെടുക്കുമെന്ന നിലപാടാണ് കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ചയിലുടനീളം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.