താങ്ങുവിലയിൽ തീരുമാനമായില്ല; കർഷകരുമായുള്ള മൂന്നാം ചർച്ചയും പരാജയം, രാജ്യത്ത് ഇന്ന് ഭാരത് ബന്ദ്

കർഷക സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വീണ്ടും ചർച്ച നടക്കും

0
245

ദില്ലി: കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരുമായി നടന്ന മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. ഞായറാഴ്ച്ച വീണ്ടും നേതാക്കളുമായി മന്ത്രിമാർ ചർച്ച നടത്തും. ഇന്നലെ അഞ്ച് മണിക്കൂറോളം ചർച്ച നീണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. താങ്ങുവിലയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്. ഇതിനിടെ ശംഭു അതിർത്തിയിൽ കർഷകർക്ക് നേരെ വീണ്ടും കണ്ണീർ വാതക പ്രയോഗം നടത്തി.

സർക്കാരും കർഷകരും തമ്മിൽ വളരെ നല്ല ചർച്ചയാണ് നടന്നത് എന്ന് കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. കർഷക സംഘടനകൾ ഉന്നയിച്ച വിഷയങ്ങളിൽ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വീണ്ടും ചർച്ച നടക്കും. വിഷയത്തിൽ സമാധാനപരമായി പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു പങ്കെടുത്തു.

കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 4 വരെ രാജ്യത്തെ പ്രധാന റോഡുകളിൽ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധ സമരം നടത്തും.

അതേസമയം കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല. കടകൾ തുറന്നു പ്രവര്‍ത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ പ്രഖ്യാപിച്ചിട്ടില്ല.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആണ് ദില്ലിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകസംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഗ്രാമീണ ബന്ദിനാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത് .