നാളെ ഭാരത് ബന്ദ് ; പ്രധാന നഗരങ്ങളില്‍ റോഡ് തടയും, കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല, കടകൾ തുറക്കും

കർഷകർ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാർമിക പിന്തുണ നൽകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു.

0
93

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ നാളെ രാവിലെ 6 മുതൽ വൈകിട്ടു 4 വരെ നടക്കും. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളിൽ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും.

അതേസമയം കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല. കടകൾ തുറന്നു പ്രവര്‍ത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല. കർഷകർ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാർമിക പിന്തുണ നൽകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു. എന്നാൽ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത ബന്ദിന്റെ പേരിൽ കേരളത്തിൽ കടകമ്പോളങ്ങൾ അടക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ബന്ദിനാണ് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചു. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2020ലും ദില്ലി കർഷകസമരത്തിൽ സംയുക്ത കിസാൻ മോർച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരുന്നത്. ഇതിനു ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.