നവ കേരള ബസിന്റെ പൈലറ്റ് വാഹനം ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചുവെന്ന വാർത്ത പച്ചക്കള്ളം, ചേലക്കരയിലും കള്ളക്കഥയിറക്കി നാണം കെട്ട് മാധ്യമങ്ങൾ

ചേലക്കരയിൽ പൈലറ്റ് വാഹനത്തിൽ ഇടിച്ചുകയറുന്ന ബൈക്ക്. ഈ ദൃശ്യം മറച്ചുവെച്ചാണ് മാധ്യമങ്ങൾ പുതിയ അപകടവാർത്ത ഉണ്ടാക്കിയത്.

0
1504

മനോജ്‌ വാസുദേവ്

തൃശൂർ: ചേലക്കരയിൽ നവ കേരള ബസിന് പൈലറ്റ് പോയ പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് എന്ന മാധ്യമങ്ങളുടെ വാർത്ത പച്ചക്കള്ളം. അപകടത്തിന്റെ ദൃശ്യങ്ങൾ എന്നു പറഞ്ഞ് റിപ്പോർട്ടർ ചാനൽ പ്രചരിപ്പിച്ചതാകട്ടെ ആരോ മൊബൈലിൽ പകർത്തിയ അപകടത്തിന്റെ അവസാന ഭാഗവും. പൊലീസിന്റെ കോൺവോയ് വാഹന വ്യൂഹത്തിന്റെ ഇടയിലൂടെ കയറിവന്ന ഹീറോ ഹോണ്ട പാഷൻ ബൈക്ക് അഡ്വാൻസ് പൈലറ്റ് ആയി ഓടിയ ചീറ്റ ജീപ്പിൽ ഇടിച്ചുകയറുകയായിരുന്നു. പൈലറ്റ് വാഹനം ഇടതു വശത്തെ ഇൻഡിക്കേറ്റർ ഇട്ട് സ്റ്റേജിലേക്ക് തിരിക്കുന്നതിനിടെ വള്ളത്തോൾ നഗർ ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അമിത വേഗത്തിലായിരുന്നു ബൈക്ക്. നിർത്തിയ പൊലീസ് ജീപ്പിൽ ഇടിച്ചുകയറിയശേഷം ഇടത്തോട്ട് വെട്ടിത്തിരിഞ്ഞ ബൈക്ക് വേദിയുടെ ഭാഗത്തേക്കുള്ള ഓവുചാലിന്റെ സ്ലാബിൽ തട്ടി നിൽക്കുകയായിരുന്നു. ചേലക്കരയിൽ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ എത്തിയ സ്ത്രീകൾ അടക്കമുള്ളവരുടെ ദൃശ്യങ്ങൾ എടുക്കാൻ എത്തിയ ക്യാമറാമാന്റെ തൊട്ടുമുന്നിലാണ് ബൈക്ക് ഇടിച്ചുനിന്നത്. പൈലറ്റ് വാഹനത്തിന് പിന്നാലെ വന്ന റോഡ് സേഫ്റ്റി എൻഫോഴ്‌സ്മെന്റ് വാഹനം, മുഖ്യമന്ത്രിയുടെ കമാൻഡോ വാഹനം എന്നിവ ബൈക്ക് പൊലീസ് ജീപ്പിൽ ഇടിച്ചുകയറുന്നത് കണ്ട് നിർത്തിയിടുകയും ചെയ്തു.

അമിത വേഗത്തിൽ പാഞ്ഞുവന്ന ബൈക്ക് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പൊലീസ് ജീപ്പിൽ ഇടിച്ചയുടൻ ബൈക്ക് യാത്രികന്റെ ഹെൽമെറ്റ് തെറിച്ചുപോയി. ഇതിനുശേഷമാണ് ബൈക്ക് ഓവുചാലിന്റെ സ്ലാബിൽ ഇടിച്ചുനിന്നത്.

തിങ്കളാഴ്ച 11 മണിക്കായിരുന്നു ചേലക്കരയിലെ നവ കേരള സദസ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ചേലക്കരയിൽ എത്തുന്നത് 12.15ഓടെ. ഇതിനിടയിലാണ് അപകടം ഉണ്ടാകുന്നത്. സംഭവസമയത്ത് സ്ഥലത്ത് ദൃക്സാക്ഷിയാണ് ഈ ലേഖകൻ. നിലത്തുവീണ ബൈക്ക് യാത്രക്കാരനെ നാട്ടുകാരും സംഘാടകരും പൊലീസും ചേർന്ന് പിടിച്ചു എഴുന്നേൽപ്പിച്ചു. വടക്കാഞ്ചേരി എസ് ഐ അടക്കം യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാം എന്നു പറഞ്ഞപ്പോൾ തനിക്കൊന്നും ഇല്ല എന്ന് പറഞ്ഞ് ഈ നിർദേശം അവഗണിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും നിർബന്ധിച്ച് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവാവിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തി. എന്നിട്ടും രണ്ടര മണിക്കൂർ നിരീക്ഷണത്തിൽ വെച്ച ശേഷമാണ് യുവാവിനെ ആശുപത്രിയിൽ നിന്നും വിട്ടത്. തനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഭയന്ന യുവാവിനെ ഒന്നുമുണ്ടാകില്ലെന്ന് ആശ്വസിപ്പിച്ചാണ് പൊലീസ് വിട്ടയച്ചത്.

എന്നാൽ, റിപ്പോർട്ടർ അടക്കമുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചതാകട്ടെ നവകേരള ബസിന്റെ പൈലറ്റ് വാഹനം ഇടിച്ച് യുവാവിന് പരിക്ക് എന്ന വ്യാജ വാർത്തയും. ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിച്ചതാകട്ടെ അപകടത്തിന്റെ അവസാന ദൃശ്യവും. അപകടശേഷം പൊലീസ് എന്ന് പരിചയപ്പെടുത്തി വന്ന ഒരു വ്യക്തി വീഡിയോ ദൃശ്യങ്ങൾ ആളുകളോട് ചോദിക്കുന്നുണ്ടായിരുന്നു. ഇയാളാണ് വ്യാജ വിവരവും അറ്റവും മൂലയുമില്ലാത്ത ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതും.

ഈ ലേഖകന്റെ കണ്മുന്നിൽ നടന്ന സംഭവത്തെയാണ് മാധ്യമങ്ങൾ ഇത്രയേറെ വക്രീകരിച്ച് വ്യാജ വാർത്ത കൊടുത്തത്. ആരേലും എന്തേലും എൽ ഡി എഫ് സർക്കാരിനെതിരെ പറഞ്ഞാൽ അത് വലിയ വാർത്തയാക്കുന്ന മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ സൈഡ് ഗ്ലാസ് യൂത്ത് കോൺഗ്രസുകാർ തകർത്തത് സമർത്ഥമായി മറച്ചുവെച്ചു. “നിഷ്പക്ഷ മാധ്യമ പ്രവർത്തനം” നന്നായി അരങ്ങേറുന്നുണ്ട്. നേരിൽ കണ്ട ഈ ലേഖകനും ക്യാമറ മാനും മലയാള ചാനൽ വാർത്തകൾ കണ്ട് അന്തം വിട്ടുനിൽക്കുന്ന അവസ്ഥയിലാണ്