കൊച്ചി: മാലിന്യ സംസ്‌കരണം വലിയ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പൊതുവഴിയില്‍ പലയിടത്തും മാലിന്യ കൂമ്പാരമാണ്. ഇന്നത് കൊച്ചിയുടെ പതിവ് കാഴ്ചയുമാണ്. ബ്രഹ്‌മപുരത്തെ തീ പിടുത്തവും അതിന് പിന്നാലെയുണ്ടായ വായൂ മലിനീകരണവുമെല്ലാം മുന്നിലുള്ളപ്പോഴും അലക്ഷ്യമായി മാലിന്യം തള്ളുന്നത് ആളുകള്‍ക്ക് ശീലമായി.
നിയന്ത്രണങ്ങള്‍ ഏറെയുണ്ടെങ്കിലും ആളുകളുടെ മനോഭാവത്തില്‍ മാറ്റമില്ലെന്നാണ് ഈ വര്‍ഷം പിഴയൊടുക്കിയവരുടെ കണക്കുകള്‍ പറയുന്നത്. മാലിന്യം വലിച്ചെറിഞ്ഞവരില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈടാക്കിയത് 84 ലക്ഷം രൂപയാണ്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരില്‍ നിന്ന് 63 ലക്ഷം രൂപയും ജലാശയത്തില്‍ നിക്ഷേപിച്ചവരില്‍ നിന്ന് ഏകദേശം 13 ലക്ഷം രൂപയുമാണ് പിഴ ഈടാക്കിയത്.
ഹരിത കര്‍മ്മസേന അടക്കമുള്ള പദ്ധതികളിലൂടെ സര്‍ക്കാര്‍ മാലിന്യ സംസ്‌കരണത്തിന് മികച്ച മാതൃകകള്‍ സൃഷ്ടിക്കുമ്പോഴാണ് ആളുകള്‍ അലംഭാവം കാട്ടുന്നത്. നഗര പ്രദേശങ്ങളില്‍ ആഴ്ചയില്‍ നിശ്ചിത ഇടവേളകളില്‍ ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കാന്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ വീടുകളില്‍ എത്താറുണ്ട്. മാസം നിശ്ചിത തുക ഫീസ് ഇനത്തില്‍ അടയ്ക്കുകും വേണം. ഇത് വകവെയ്ക്കാതെയാണ് ആളുകള്‍ പൊതുസ്ഥലങ്ങളെ മാലിന്യക്കൂമ്പാരമാക്കുന്നത്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തിന് ശേഷമാണ് ജില്ലയിലെ പരിശോധകളും പിഴയീടാക്കലും കര്‍ശനമാക്കിയത്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സ്വാകരിക്കുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്നതിന്റെ തെളിവുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം നിശ്ചയിച്ചിട്ടുണ്ട്.