വൈക്കത്തഷ്ടമി പ്രമാണിച്ച് ഈ നാല് ട്രെയിനുകൾക്ക് താത്ക്കാലിക സ്റ്റോപ്പ്

ഒരു മിനിറ്റ് മാത്രമാണ് വൈക്കം റോഡ് സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുക. ഡിസംബര്‍ മൂന്ന് മുതല്‍ ആറാം തീയ്യതി വരെ നാല് ദിവസമായിരിക്കും താത്കാലിക സ്റ്റോപ്പ് അനുവദിക്കുക.

0
1771

കോട്ടയം: വൈക്കം ക്ഷേത്രത്തിലെ അഷ്ടമി പ്രമാണിച്ച് ട്രെയിനുകള്‍ക്ക് വൈക്കം റോഡ് സ്റ്റേഷനില്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ച് ഉത്തരവിറങ്ങി. നാല് ട്രെയിനുകൾക്കാണ് പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്ന് മുതല്‍ ആറാം തീയ്യതി വരെ നാല് ദിവസമായിരിക്കും താത്കാലിക സ്റ്റോപ്പ് അനുവദിക്കുക. ഇതിനുശേഷം ട്രെയിനുകൾ പഴയ സമയക്രമത്തിലേയ്ക്ക് എത്തും.

ട്രെയിനുകളുടെ വിശദ വിവരം
ട്രെയിന്‍ നമ്പര്‍ 16650 നാഗര്‍കോവില്‍ – മംഗലാപുരം സെന്‍ട്രന്‍ പരശുറാം എക്സ്പ്രസ് – രാവിലെ 09.50ന്
ട്രെയിന്‍ നമ്പര്‍ 16649 മംഗലാപുരം സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്സ്പ്രസ് – ഉച്ചയ്ക്ക് ശേഷം 02.55ന്
ട്രെയിന്‍ നമ്പര്‍ 16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ് – വൈകുന്നേരം 6.15
ട്രെയിന്‍ നമ്പര്‍ തിരുവനന്തപുരം സെന്‍ട്രല്‍ – എറണാകുളം ജംഗ്ഷന്‍ വഞ്ചിനാട് എക്സ്പ്രസ് – രാത്രി 09.32

ഒരു മിനിറ്റ് മാത്രമാണ് വൈക്കം റോഡ് സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തുക. കോട്ടയം ജില്ലയിലെ ഉത്സവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈക്കത്തഷ്ടമി. ചരിത്രപരമായും ഏറെ സവിശേഷതകളുള്ള ക്ഷേത്രംകൂടിയാണ് ഇത്. ഡിസംബര്‍ അഞ്ചിനാണ് വൈക്കത്തഷ്ടമി.

ആറാം തീയതിയാണ് ആറാട്ട്. ഏഴാം ഉത്സവ ദിനമായ നവംബര്‍ 30 നാണ് ഋഷഭവാഹന എഴുന്നള്ളിപ്പ്. എട്ടാം ഉത്സവദിനമായ ഡിസംബര്‍ ഒന്നിന് വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പും ഡിസംബര്‍ രണ്ടിന് തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പും നടക്കും. ഡിസംബര്‍ മൂന്ന് രാത്രി 11 മുതല്‍ ആറിന് രാവിലെ എട്ടു മണി വരെ വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.