ചുഴലിക്കാറ്റ്: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം

മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

0
101

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘മിയാചൗങ്’ ചുഴലിക്കാറ്റ് കേരള തീരത്തേയും ബാധിച്ചേക്കാമെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഇടിമിന്നലോടു കൂടിയതോ മിതമായ മഴയ്‌ക്കോ സാധ്യതയുണ്ടെന്നാണ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് റീജിയന്‍ ഈസ്റ്റ് അതീവ ജാഗ്രതയിലാണ്.

മിയാചൗങ് ചുഴലിക്കാറ്റ് കേരളത്തിന് ഭീഷിയാകില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാലിപ്പോള്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുകയാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങള്‍ക്കൊപ്പം കേരളത്തിന്റെ തീരങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കി.

തെക്കന്‍ ശ്രീലങ്കയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ പെയ്യുക. കേരള തീരത്തും തമിഴ്‌നാട് തീരത്തും 0.4 മുതല്‍ 1.1 മീറ്റര് വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.