ഒരു കോടി തട്ടിച്ചു: പാറക്കല്‍ അബ്ദുള്ളയും കുഞ്ഞാലിക്കുട്ടിയും വഞ്ചിച്ചുവെന്ന്‌ ലീഗ്‌ മുന്‍ നേതാവ്‌

0
94

പാറക്കല്‍ അബ്ദുള്ള എംഎല്‍എയും പി കെ കുഞ്ഞാലിക്കുട്ടിയും വഞ്ചിച്ചതായി മുസ്ലിംലീഗ് മുന്‍ നേതാവ്. അറബിക് മുന്‍ഷി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മഞ്ചേശ്വരം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറിയുമായിരുന്ന കണ്ണൂര്‍ അബ്ദുള്ളയാണ് മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ രംഗത്തുവന്നത്.

പാറക്കല്‍ അബ്ദുള്ളയുടെ സഹോദരന്റെ മക്കളായ വടകര കുന്നുമ്മക്കര തൊടിയില്‍ ഹൗസില്‍ സിറാജ്, മാഹി അഴിയൂരിലെ ഫസല്‍ റഹ്മാന്‍ എന്നിവര്‍ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദില്‍ നിന്ന് ഒരു കോടി പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ടു പണം വാങ്ങിത്തരാമെന്ന് ഉറപ്പ് നല്‍കി കബളിപ്പിച്ചുവെന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

2012 ല്‍ ഖത്തറില്‍ ഒരു ബിസിനസിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഇര്‍ഷാദ് സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍നിന്നും സമാഹരിച്ചു നല്‍കിയ പണം തിരിച്ചു കിട്ടാതെ വന്നപ്പോള്‍ പലതവണ പാണക്കാട് ബന്ധപ്പെടുകയും മുസ്ലിം ലീഗിന്റെ നേതാക്കളെ അറിയിക്കുകയും ചെയ്തു.

ഫലമില്ലാതെ വന്നപ്പോള്‍ കഴിഞ്ഞ മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ എം സി ഖമറുദ്ദിനെതിരെ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയപ്പോഴാണ് പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടത്. ഞാന്‍ കുഞ്ഞാലിക്കുട്ടിയാണ്. ഞാനൊരു കാര്യം ഏറ്റാല്‍ അത് നടപ്പിലാക്കും. പണം തിരിച്ചു തരും. നിങ്ങള്‍ എന്നെ വിശ്വസിക്കണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചുവരുത്തി അറിയിച്ചത്.

നേതാവിന്റെ വാക്കില്‍ വിശ്വസിച്ചു മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. അതിന് ശേഷം ആയിരം തവണയെങ്കിലും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്ന് കത്തുകള്‍ അയച്ചെങ്കിലും മറുപടി തന്നില്ല. ഫോണില്‍ വിളിച്ചപ്പോള്‍ ഭീഷണി മുഴക്കുകയായിരുന്നുവെന്ന് മകന്‍ ഇര്‍ഷാദ് പറഞ്ഞു.