നിപ ഭീതിയൊഴിയുന്നു; ഹൈ റിസ്‌ക് കോണ്‍ടാക്ടില്‍ 61 പേരുടെ പരിശോധനാഫലം നെഗറ്റീവ്

കേരളത്തിന്റെ നിപ പ്രതിരോധത്തെ പ്രകീർത്തിച്ച് കേന്ദ്രസംഘം.

0
206

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. മരിച്ച വ്യക്തിയുമായി അടുത്തിടപഴകിയ ആൾ അടക്കം ഹൈ റിസ്‌ക് വിഭാഗത്തിലെ 61 പേരുടെ ഫലം കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ ഇരുന്നൂറോളം സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. തുടര്‍ച്ചയായ രണ്ടാം ദിനവും പുതിയ പോസിറ്റീവ് കേസുകളില്ല. കഴിഞ്ഞദിവസം കൂടുതൽ സാമ്പിളുകൾ എടുത്തിരുന്നു. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരും ഉള്‍പ്പെടുന്നു.

നിപ ബാധിച്ച് ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി മന്ത്രി അറിയിച്ചു. ഒമ്പതു വയസുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താൽക്കാലികമായി മാറ്റി. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. 1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിട്ടുണ്ട്. ഐഎംസിഎച്ചിൽ 4 പേർ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 24 മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സെക്കന്ററി തലത്തിലേക്ക് നിപ വ്യാപനം പോകുന്നില്ല എന്നത് ആശ്വാസകരമാണ്. ആദ്യത്തെ നിപ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണവിധേയമാണ്.

കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്രസംഘം അഭിനന്ദിച്ചതായി മന്ത്രി പറഞ്ഞു. ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ പഠനത്തിനായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ സംഘം കോഴിക്കോടെത്തി. നിപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം വിശദമായ പഠനവും സാംപിൾ ശേഖരണവും നടത്തും. മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചു റാണിയുമായി സംഘം ചര്‍ച്ച നടത്തും.

English Summary: Central team praising Kerala’s Nipah resistance.