‘നല്ല റോഡ്’; ഏഴ് വർഷത്തിനിടെ പൂർത്തിയായത് 5573 കോടി രൂപയുടെ ദേശീയപാതാ പദ്ധതികൾ

എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നശേഷം ഏഴ് പ്രധാന പദ്ധതികളാണ് സംസ്ഥാനത്ത് അടുത്തിടെ പൂർത്തിയായത്

0
273

എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നശേഷം സംസ്ഥാനത്ത് ഏഴുവർഷത്തിനിടെ പൂർത്തിയായത് 5573 കോടി രൂപയുടെ ദേശീയപാതാ പദ്ധതികൾ. 70,113 കോടിയുടെ പദ്ധതികൾ വരുന്നുമുണ്ട്. ഇതുവരെ 225.362 കിലോമീറ്ററിൽ ഒമ്പതു റോഡുകളാണ് സംസ്ഥാനത്ത് നിർമ്മിച്ചിരിക്കുന്നത്. ദേശീയപാതാ 66ൻറെ നാല് റീച്ചുകൾ ഉൾപ്പെടെയാണിത്. 706.06 കിലോമീറ്ററിൽ 58,046.23 കോടിയുടെ 20 പ്രവൃത്തികൾ പുരോഗമിക്കുകയുമാണ്.

ഏഴ് പ്രധാന പദ്ധതികളാണ് സംസ്ഥാനത്ത് അടുത്തിടെ പൂർത്തിയായത്. കുതിരാൻ ഉൾപ്പെട്ട വടക്കാഞ്ചേരി – തൃശൂർ ആറുവരിപ്പാത, കളമശേരി – വല്ലാർപ്പാടം റോഡ്, നീലേശ്വരം ടൗൺ റെയിൽവേ മേൽപ്പാലം, ഇടപ്പള്ളി – വൈറ്റില – അരൂർ, കാരോട് – മുക്കോല, മുക്കോല – കഴക്കൂട്ടം, കഴക്കൂട്ടം ആകാശപ്പാത എന്നിവയാണ്‌ പൂർത്തിയായത്.

യുഡിഎഫ് സർക്കാർ സമയബന്ധിതമായി സ്ഥലം ഏറ്റെടുത്തു നൽകാത്തതിനാൽ പദ്ധതികൾ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചു. 2016-ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രത്തിൽ കടുത്ത സമ്മർദം ചെലുത്തി. പ്രധാനമന്ത്രിയെയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി നിരവധി തവണ സന്ദർശിച്ചു.

ഭൂമി ഏറ്റെടുക്കലിനുള്ള തുകയിൽ നിശ്ചിത ശതമാനം സംസ്ഥാനം വഹിച്ചാൽ ദേശീയപാത വികസനം സാധ്യമാക്കാമെന്നായിരുന്നു കേന്ദ്രനിലപാട്. തുടർന്ന് രാജ്യത്ത് മറ്റെങ്ങുമില്ലാത്തവിധം ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം നൽകാൻ സംസ്ഥാനം തീരുമാനിച്ചു. 5580 കോടി രൂപയാണ് ഇതുവരെ നൽകിയത്. ഭൂമിയും ഏറ്റെടുത്ത് നൽകി. ദേശീയപാത വികസനത്തിൽ ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനമാണ് കേരളമെന്ന് ​കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞിരുന്നു.