മരം കൊള്ള; ഏറ്റുമുട്ടി മാതൃഭൂമിയും റിപ്പോർട്ട‍റും; അങ്കത്തട്ടിൽ ആരുടെ ചോര വീഴും

0
244

മുട്ടിൽ മരംകൊള്ളയുടെ പേരിൽ മലയാളത്തിലെ വാർത്താ ചാനലുകൾ തമ്മിലുള്ള യുദ്ധം മുറുകി. അങ്കത്തട്ടിൽ മാതൃഭൂമിയും റിപ്പോർട്ടറും തമ്മിലുള്ള പോര് കൊഴുത്തു. മാതൃഭൂമി എം ഡി ശ്രേയാംസ് കുമാർ അനധികൃത മരംമുറി ബിസിനസുകാരനാണെന്നാണ് റിപ്പോർട്ടർ ടി വി ആരോപിക്കുന്നത്. റിപ്പോർട്ടർ ടി വിയുടെ പുതിയ മുതലാളി മരം കൊള്ളക്കാരൻ മാത്രമല്ല, പെരും കള്ളനാണെന്നാണ് മാതൃഭൂമി പറയുന്നത്. ഇരു ചാനലുകളുടെയും റിപ്പോർട്ടർമാരും വാർത്താചുമതലയുള്ള ഉന്നതരും അങ്കം കുറിക്കാൻ നേരിട്ട് രംഗത്തിറങ്ങി എന്നതാണ് രസകരം. വർഷങ്ങളോളം മാതൃഭൂമിയിൽ പ്രവർത്തിച്ച തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകനെ മുൻനിർത്തി റിപ്പോർട്ടറും കോഴിക്കോട്ടെ മുതിർന്ന ലേഖകനെ ചാവേറാക്കി മാതൃഭൂമിയും അടി തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി വയനാട്ടില്‍ നിന്ന് മരം മുറിച്ച് കടത്തുന്നുണ്ട്. എന്നാല്‍ ശ്രേയാംസ് കുമാറിന്റെ അനധികൃത മരംമുറിയില്‍ അന്വേഷണം നടക്കുന്നില്ല എന്നാണ് ആന്റോ അഗസ്റ്റിൻ പറയുന്നത്. ഇക്കാര്യം നികേഷ്കുമാറും അരുൺകുമാറുമൊക്കെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നുമുണ്ട്. തങ്ങളുടെ മുതലാളിമാർ നിഷ്ക്കളങ്കരും നീതിമാന്മാരും ആയ “പാവപ്പെട്ട കോടീശ്വരന്മാരാണെന്ന്’ റിപ്പോർട്ടർ പറയുമ്പോൾ മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരേ വെളിപ്പെടുത്തലുമായി കൂടുതല്‍ കർഷകരെ അണിനിരത്തുകയാണ് മാതൃഭൂമി. പറഞ്ഞ കാശ് പോലും കൊടുക്കാതെ കർഷകരെ വഞ്ചിച്ച കള്ളന്മാരാണ് അഗസ്റ്റിൻ സഹോദരങ്ങൾ എന്നാണ് മാതൃഭൂമി പറയുന്നത്.

തങ്ങൾക്ക് വേണ്ട കാര്യങ്ങൾ മാത്രം വാർത്തയാക്കി ഞെളിയുകയാണ് ഈ ചാനലുകൾ. വർഷങ്ങളായി വയനാട്ടിലെ സർക്കാർ വനങ്ങളിൽ നിന്നും വൻതോതിൽ മരംകൊള്ള നടത്തിയിട്ടുണ്ടെന്ന് ഇരു ചാനലുകളും സമ്മതിക്കുകയാണിപ്പോൾ. ഇത്രയേറെ ഗുരുതരമായ നിയമലംഘനങ്ങൾ അറിയാമായിരുന്നിട്ടും ഇപ്പോഴത്തെ റിപ്പോർട്ടർ ടി വി മുതലാളിമാരും മാതൃഭൂമി ചാനൽ എം ഡിയുമൊക്കെ പച്ചയായ ഈ കൊള്ള മറച്ചുവെച്ചു എന്നതും ഏറെ ഗൗരവതരമാണ്. വയനാടിന്റെ വനമേഖലയെയാകെ കൊള്ളയടിക്കുന്ന വിവരം ഇക്കൂട്ടർക്ക് നേരത്തെ തന്നെ അറിവുള്ളതാണെന്ന് മലയാളി സമൂഹത്തിനും ജനങ്ങൾക്കും മനസിലാക്കാൻ കഴിഞ്ഞു എന്നതാണ് ഈ ചാനൽ യുദ്ധത്തിന്റെ മറ്റൊരു പ്രത്യേകത.

മുട്ടിൽ മരംകൊള്ള വീണ്ടും വിവാദമായതോടെ, ചാനലുകളുടെ ലേഖകരും കൊണ്ടുപിടിച്ച പണി തുടങ്ങിയിട്ടുണ്ട്. തങ്ങൾക്ക് ആവശ്യമായ കാര്യം മാത്രം ഭൂമിയുടെ ഉടമകളെ കൊണ്ട് പറയിപ്പിക്കുകയാണ് ഇപ്പോഴത്തെ യജ്‌ഞം. തങ്ങൾക്ക് വേണ്ടത് എന്താണോ അത് മാത്രം അവതരിപ്പിക്കുന്നു. അതിനായി ‘വിദഗ്ദ്ധരായ ചാനൽ തൊഴിലാളികളെ അങ്കത്തട്ടിലേക്ക് പറഞ്ഞുവിട്ടിട്ടുണ്ട്. സ്വന്തം ചാനലിന് ആവശ്യമായ തരത്തിൽ പ്രതികരണങ്ങളെടുത്ത്‌ അവതരിപ്പിക്കുകയാണ്‌. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ബാളംബെയ്ൽ ബാലന്റെ പ്രതികരണം എന്ന പേരിൽ മാതൃഭൂമിയും റിപ്പോർട്ടറും കൊടുത്ത വാർത്ത. തന്നെക്കൊണ്ട് ചാനലുകള്‍ കള്ളം പറയിച്ചു എന്ന് ബാലന്റെ പ്രതികരണമായി റിപ്പോർട്ടർ വെളിപ്പെടുത്തൽ കൊടുത്തപ്പോൾ കാലപ്പഴക്കമുള്ള മരങ്ങള്‍ക്ക് വളരെ കുറഞ്ഞ വില പറഞ്ഞുറപ്പിച്ചശേഷമാണ്, അതുപോലും നല്‍കാതെ അഗസ്റ്റിൻ സഹോദരങ്ങൾ വഞ്ചിച്ചുവെന്ന് മാതൃഭൂമിയും വെളിപ്പെടുത്തൽ കൊടുത്തത്.

അസത്യങ്ങളും അർധസത്യങ്ങളുമാണ്‌ ഇരു ചാനലുകളും ഇപ്പോൾ വാർത്തയാകുന്നു. റവന്യു, പട്ടയ ഭൂമികളിൽനിന്ന്‌ മരം മുറിക്കാൻ ഭൂവുടമകളുടെ പേരിൽ നൽകിയ അപേക്ഷകൾ വ്യാജമാണെന്ന ഫോറൻസിക്‌ പരിശോധനാ റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. എന്നാൽ, ഇതേപ്പറ്റി ഒരാളും ഒരക്ഷരം മിണ്ടുന്നുമില്ല. അപേക്ഷ തയ്യാറാക്കി ഒപ്പിട്ടത്‌ മരംമുറി കേസിലെ പ്രതി റോജി അഗസ്‌റ്റിനാണെന്ന്‌ ഫോറൻസിക്‌ പരിശോധനയിലും കയ്യക്ഷരം പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. 600 വർഷംവരെ പഴക്കമുള്ള മരങ്ങളാണ്‌ മുറിച്ചതെന്ന്‌ ഡിഎൻഎ പരിശോധനയിലും തെളിഞ്ഞു. വ്യാജ രേഖ ചമച്ചതിനും കർഷകരെ വഞ്ചിച്ചതിനും പ്രതികൾക്കെതിരെ പ്രത്യേക അന്വേഷക സംഘം കേസെടുത്തിട്ടുണ്ട്‌. ഇത്തരം കാതലായ കാര്യങ്ങളൊന്നും പറയാതെ തങ്ങളുടെ മുതലാളിമാർ മിടുക്കന്മാരും ശുദ്ധരും ആണെന്ന പ്രതീതി ഉണ്ടാക്കാനാണ് ചാനലുകൾ തമ്മിൽ ഏറ്റുമുട്ടുന്നത്. വസ്‌തുതകൾ പുറത്തുകൊണ്ടുവരാതെ, സമർത്ഥമായി ഒളിപ്പിച്ചുവെച്ച് ആളുകളെ വിഡ്ഢികളാക്കുകയാണ് ചാനലുകൾ.

പണക്കൊഴുപ്പ് കൊണ്ടും മാധ്യമ സ്ഥാപനങ്ങളുടെ മറ പിടിച്ചും റേറ്റിൽ മുന്നിലെത്താൻ നാണം കെട്ട കിട മത്സരം നടത്തുകയാണിപ്പോൾ ചാനലുകൾ. തങ്ങളുടെ മുതലാളിമാരെ വെളുപ്പിക്കാൻ വേണ്ടി ചാനലുകൾ അർദ്ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതിന് പിന്നിൽ സംസ്ഥാനത്തെത്തന്നെ വലിയ വനംകൊള്ള കേസുകൾ മൂടിവെക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തം.