ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യക്ക് ആശ്വാസ ജയം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 101 റൺസിന്റെ കുറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലിയുടെ (122) സെഞ്ചുറി കരുത്തിൽ നിശ്ചിത ഓവറിൽ 212 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ അഫ്ഗാന് എട്ട് വിക്കറ്റ് നഷ്ടത്തൽ 111 റൺസെടുക്കാനാണ് സാധിച്ചത്.
ഭുവനേശ്വർ കുമാറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അഫ്ഗാനെ തകർത്തത്. ഏഷ്യാ കപ്പിൽ നിന്ന് പുറത്തായെങ്കിലും കോലി, കെ എൽ രാഹുൽ (62) എന്നിവർ ഫോമിലെത്തിയത് വരും ദിവസങ്ങളിൽ ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും.
പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ അഫ്ഗാൻ തകർന്നിരുന്നു. ആദ്യ ഏഴ് ഓവറിൽ ആറിന് 21 എന്ന നിലയിലായിരുന്നു അഫ്ഗാൻ. ഇതിൽ അഞ്ച് വിക്കറ്റും വീഴ്ത്തിയത് ഭുവനേശ്വറായിരുന്നു. താരത്തിന്റെ ടി20 കരിയർ മികച്ച പ്രകടനമായിരുന്നത്. ഹസ്രത്തുള്ള സസൈ (0), റഹ്മാനുള്ള ഗുർബാസ് (0), കരീം ജനാത് (2), നജീബുള്ള സദ്രാൻ (7), അഹമദുള്ള ഒമർസായ് (1) എന്നിവരെയാണ് ഭുവനേശ്വർ പുറത്താക്കിയത്. മുഹമ്മദ് നബിയെ (7) അർഷ്ദീപ് സിംഗും പുറത്താക്കി.