സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

0
40

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യുഎപിഎ കേസിലാണ് ജാമ്യം. ഉപാധികളോടെയാണ് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് കാപ്പൻ ആറാഴ്ച ഡൽഹി വിട്ടുപോകരുതെന്നാണ് കോടതി നിർദ്ദേശം. അതിന് ശേഷം കേരളത്തിലേക്ക് മടങ്ങാം. കേസന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായും കേസിലെ കുറ്റാരോപിതരുമായും കൂടിക്കാഴ്ച നടത്തരുതെന്നും കോടതി ഉത്തരവിൽ പറയുന്നു.

കേസന്വേഷണം ലക്‌നൗവിൽ നടക്കുന്നതിനാൽ സിദ്ദിഖ് കാപ്പനും ലക്‌നൗവിൽ തുടരണമെന്നാണ് കോടതി പറഞ്ഞത്. എന്നാൽ സിദ്ദീഖ് കാപ്പന് നിലവിൽ ജോലിയില്ലെന്നും കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നും അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു. തുടർന്നാണ് ആറാഴ്ച ഡൽഹിയിൽ തങ്ങാൻ കോടതി നിർദ്ദേശിച്ചത്. അതിന് ശേഷം കേരളത്തിലേക്ക് മടങ്ങിയാലും ലോക്കൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണം.

കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ എന്താണെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. പിന്നാലെയാണ് മൂന്ന് ദിവസത്തിനകം കാപ്പനെ വിചാരണക്കോടതിയിൽ ഹാജരാക്കുമെന്നും ഉപാധികളോടെ ജാമ്യത്തിൽ വിട്ടയക്കുമെന്നും കോടതി അറിയിച്ചത്. എന്നാൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചെങ്കിൽ മാത്രമെ കാപ്പന് ജയിൽ മോചിതനാകാൻ കഴിയൂ. ഈ കേസിൽ ഉടൻ ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന.

കോടതി ചുമത്തിയ ഉപാധികൾ:

1. ഡൽഹിയിലെ ജംഗ്പുര പോലീസിന്റെ അധികാരപരിധിയിൽ താമസിക്കണം.

2. വിചാരണക്കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ഡൽഹിയുടെ അധികാരപരിധി വിട്ടുപോകാൻ പാടില്ല.

3. എല്ലാ തിങ്കളാഴ്ചയും ലോക്കൽ പോലീസ് സ്റ്റേഷനിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തണം. ആദ്യത്തെ ആറ് ആഴ്ചകളിൽ ഈ വ്യവസ്ഥ ബാധകമായിരിക്കും.

4. ആറാഴ്ചയ്ക്ക് ശേഷം, കാപ്പന് കേരളത്തിലേക്ക് പോകാൻ സ്വാതന്ത്ര്യമുണ്ടാകും. എന്നാൽ എല്ലാ തിങ്കളാഴ്ചയും ലോക്കൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. അതിനായി സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തണം.

5. കോടതി അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. വിവാദവുമായി ബന്ധപ്പെട്ട ആരുമായും സമ്പർക്കം പുലർത്തരുത്.

ഹത്രാസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാനുള്ള യാത്രക്കിടെയാണ് മറ്റ് മൂന്ന് പേർക്കൊപ്പം മഥുരയിൽ വച്ച് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹത്രാസ് സംഭവത്തിന്റെ മറവിൽ യുപിയിൽ കലാപം സൃഷ്ടിക്കാനാണ് കാപ്പൻ ഉൾപ്പെട്ട സംഘമെത്തിയതെന്ന് ആരോപിച്ചായിരുന്നു നടപടി. പിന്നീട് രാജ്യദ്രോഹം, തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ, ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് എന്നിവയുടെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തുകയായിരുന്നു. കേസിൽ 4000ത്തോളം പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. കീഴ്ക്കോടതികൾ ആവർത്തിച്ച് ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് 2020 ഒക്ടോബർ മുതൽ കാപ്പൻ ജയിലിൽ കഴിയുകയാണ്.