യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈര്‍ സ്ഥാനം രാജി സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന്

0
80

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സികെ സുബൈര്‍ സ്ഥാനം രാജി വച്ചത് സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിലെന്ന് റിപ്പോര്‍ട്ട്. പെൺകുട്ടി മുസ്ലീംലീഗിന്‍റെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകിയതോടെയാണ് സുബൈറിന്‍റെ സ്ഥാനം തെറിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് സികെ സുബൈര്‍ രാജിക്കത്ത് നൽകിയത്. നേരത്തെ ക്വത്വ കേസ് ഫണ്ടിന്‍റെ പേരില്‍ സികെ സുബൈറിനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനും എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജി എന്നതിനാല്‍ അതുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് എത്തുന്നത്.

പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് സുബൈർ രാജിവെച്ചത് എന്നാണ് അറിയുന്നത്. നേരത്തെ കത്വ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ യൂത്ത് ലീഗ് വിമതനായ യൂസഫ് പടനിലമാണ് പി.കെ.ഫിറോസിനെതിരെ പൊലീസിൽ കേസ് നൽകിയത്. കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നാണ് യൂസഫ് പടനിലം യൂത്ത് ലീഗിനെതിരെ ഉന്നയിച്ച ആരോപണം.

ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയെന്നും യൂസഫ് പടനിലം കുറ്റപ്പെടുത്തിയിരുന്നു. മുസ്ലിം ലീഗിന്‍റെ പ്രളയഫണ്ട് വിനിയോഗത്തില്‍ ആരോപണവുമായി സിപിഎം മലപ്പുറം ജില്ല കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.