ഫോറൻസിക് വിഭാഗം എന്ന് മുതൽക്കാണ് കൊലപാതകത്തിൻ്റെ കാരണം അന്വേഷിക്കാൻ തുടങ്ങിയത്- മനോരമയ്ക്ക് ഹക്ക് മുഹമ്മദിൻ്റെ ഭാര്യയുടെ കത്ത്

0
55

വെഞ്ഞാറമൂട് കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹക്ക് മുഹമ്മദിൻ്റെ ഭാര്യയാണ് ഞാൻ. സഹിക്കാൻ കഴിയാത്ത വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്. നിവൃത്തികേട് കൊണ്ടാണ് ജീവിതത്തിൽ ആദ്യമായി ഇങ്ങനെ ഒന്ന് എഴുതാൻ നിർബന്ധിതയാവുന്നത്. കൊല്ലപ്പെട്ട എൻ്റെ പ്രിയ ഭർത്താവും സി പി ഐ എം പ്രവർത്തകനുമായ ഹക്ക് മുഹമ്മദിൻ്റെയും മിധിലാജിൻ്റെയും രാഷ്ട്രീയ കൊലപാതകത്തെ സംബന്ധിച്ച്
ഫോറൻസിക് റിപ്പോർട്ട് കണ്ടെത്തൽ എന്ന പേരിൽ മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്ത ഞങ്ങളുടെ കുടുംബത്തെയാകെ വേദനിപ്പിക്കുന്നതാണ്. മരിച്ച പ്രിയപ്പെട്ടവരുടെ ഓർമ്മയിൽ ജീവിക്കുന്ന മനുഷ്യർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെപ്പറ്റിയുള്ള നുണകൾ എങ്ങനെയാണ് സർ സഹിക്കാൻ കഴിയുക?

നിങ്ങളുടെ അത്ര അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരു സാധാരണക്കാരിയാണ് ഞാൻ. അത് കൊണ്ട് തന്നെ ഇന്ന് മനോരമ കൊല്ലപ്പെട്ട എൻ്റെ ഭർത്താവിനെ അപമാനിക്കുന്ന തരത്തിൽ ഫോറൻസിക് റിപ്പോർട്ട് കണ്ടെത്തൽ എന്ന പേരിൽ ഒന്നാം പേജിൽ എഴുതിയ വാർത്തയുടെ സത്യാവസ്ഥയെപ്പറ്റി ചില സംശയങ്ങൾ അങ്ങയോട് തന്നെ ചോദിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു.

ഫോറൻസിക് റിപ്പോർട്ട് കണ്ടെത്തൽ എന്ന പേരിൽ മനോരമ ഹക്കിനും മിധിലാജിനും എതിരെ ഇന്നത്തെ വാർത്തയിലൂടെ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ഇവയാണ്.

1.  വെഞ്ഞാമൂട് ഇരട്ട കൊലപാതകത്തിൽ രാഷ്ട്രീയമില്ല എന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.

2. കൊല നടത്താൻ എത്തിയവരാണ് വെഞ്ഞാറുമൂടിൽ കൊലപാതകത്തിന് ഇരയായത്. കൃത്യം നടത്തുന്നതിനായി ഇവർ ഗൂഢാലോചന നടത്തി.

3. എതിർസംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു ഹക്കിൻ്റെയും മിഥിലാജിൻ്റെയും ലക്ഷ്യം.

4. മുഖംമൂടി ധരിച്ച്, ശരീരം മുഴുവൻ മൂടി പൊതിഞ്ഞാണ് കൊല്ലപ്പെട്ടവർ ഉൾപ്പെടെ ആക്രമി സംഘം സ്ഥലത്തെത്തിയത്.

രണ്ട് സംഘങ്ങൾ തമ്മിൽ ഉള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് തെളിവില്ല എന്നും ഫോറൻസിക് ലാബിലാണോ സർ കണ്ടെത്തുന്നത്.  ഫോറൻസിക് ലാബ് എന്ന് മുതലാണ് ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്താൻ തുടങ്ങിയത്. രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം എന്ന് ഫോറൻസിക് റിപോർട്ടിൽ എവിടെയാണ് സർ പറഞ്ഞിരിക്കുന്നത്.?

സർ, ഫോറൻസിക് വിഭാഗം എന്ന് മുതൽക്കാണ് കൊലപാതകത്തിൻ്റെ കാരണം അന്വേഷിക്കാൻ തുടങ്ങിയത്. ശാസ്ത്രീയമായി ആയുധ പരിശോധനയും കുറ്റകൃത്യത്തിൻ്റെ ശേഷിപ്പുകളും പരിശോധിക്കാൻ നിയുക്തമായ ഒരു ഏജൻസിയാണോ കൊലപാതകത്തിൻ്റെ കാരണം കണ്ട് പിടിക്കുന്നത്. ഇതിൻ്റെ യുക്തിയെന്താണ്. പിന്നെ എന്തിനാണ് ഈ നാട്ടിൽ പോലീസും മറ്റു സ്വതന്ത്ര അന്വേഷണ ഏജൻസികളും, എന്തിനാണ് കോടതികൾ.

കൊലപാതകത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച ലക്ഷ്യം കണ്ടത്തൊൻ നിലനിൽക്കുന്ന സംവിധാനമല്ല സർ ഫോറൻസിക് ലാബ്. അത് താങ്കൾക്ക് മാത്രമല്ല ഈ നാട്ടിലെ സാധാരണ മനുഷ്യർക്ക് പോലും ബോധ്യമുള്ള സംഗതിയാണ്.

സർ, പ്രിയപ്പെട്ടവൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയാതെ ജീവിക്കുന്ന ഒരു ഭാര്യയാണ് ഞാൻ. സഖാവ് ഹക്കിൻ്റെ ഭാര്യ. കമ്മ്യൂണിസ്റ്റായതിനാൽ മാത്രം കോൺഗ്രസുകാർ ക്രൂരമായി ഉത്രാട തലേന്ന് തെരുവിൽ കൊലപ്പെടുത്തിയ സഖാവ് ഹക്കിൻ്റെ ഭാര്യ. ഞാൻ ഇതെഴുതുമ്പോൾ ഞങ്ങളുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങൾ എൻ്റെ അരികിലുണ്ട്. അതിൽ ഇളയ മകൻ അവൻ്റെ വാപ്പയെ കണ്ടിട്ട് പോലുമില്ല. അവനിന്ന് നാൽപത് ദിവസം പ്രായം തികയുന്നതെ ഉള്ളൂ.  മരിച്ചവരെ വീണ്ടും വീണ്ടും കൊല്ലുന്നത് എന്തിനാണ് നിങ്ങൾ? ജീവിച്ചിരിക്കുന്നവർക്ക് നിങ്ങൾ പറയുന്ന നുണകളോട് വിയോജിക്കാൻ എങ്കിലും കഴിയും. മരിച്ചവരോ? അവർക്ക് ഒരു കുതറൽ കൊണ്ട് പോലും നിങ്ങളുടെ നുണ പ്രചരണത്തോട് വിയോജിക്കാൻ കഴിയില്ല.  നാടിൻ്റെ ജീവനായി ജീവിച്ച രണ്ടു മനുഷ്യരെയാണ് ,അവരുടെ കുടുംബത്തെയും പ്രിയപെട്ട കൂട്ടുകാരെയുമാണ് വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിൽ രാഷ്ട്രീയമില്ല എന്ന ഫോറൻസിക് റിപോർട്ടിൽ ഒരിടത്തും പറയാത്ത നുണ ഒന്നാം പേജിൽ തലകെട്ടായി നൽകുക വഴി താങ്കളുടെ പത്രം അപമാനിച്ചത്.  അവർ കൊലപാതകത്തിനു ഇറങ്ങി പുറപ്പെട്ടവരാണ് എന്ന അസംബന്ധം പറയുക വഴി മനോരമ ചെയ്യുന്നത് മറ്റൊന്നും അല്ല.

വാർത്തകൾ റിപോർട്ട് ചെയ്യുമ്പോൾ കുറഞ്ഞ പക്ഷം അതിൽ ഒരു ശതമാനം സത്യം എങ്കിലും കലർത്തുക. മരിച്ചവരെക്കുറിച്ച് ഓർത്തില്ലെങ്കിലും മരിക്കാത്ത അവരുടെ ഓർമ്മകളിൽ ജീവിക്കുന്ന ഉടഞ്ഞുപോയ മനുഷ്യരെ പറ്റിയെങ്കിലും ഓർക്കുക.  ജീവിച്ചിരിക്കുന്നവരെ പറ്റി കള്ളം പറയും പോലെ അല്ല മരിച്ചവരെ പറ്റി കളവ് പറയുന്നത്. അവരെ വെറുതെ വിടൂ സർ. മരിച്ചവരാണ് അവർ. നിങ്ങളുടെ രാഷ്ട്രീയ നിഴൽ യുദ്ധത്തിൽ നിന്ന് അവരെ ഒഴിവാക്കുന്നത്, അവരെ പറ്റി നുണ പറയാതെ ഇരിക്കുന്നത്, മാധ്യമ പ്രവർത്തനത്തിൻ്റെ മാത്രമല്ല  മനുഷ്യത്വത്തിൻ്റെ കൂടി ലക്ഷണമാണ്.
അങ്ങ് ഈ വാർത്ത തിരുത്തി കുറെക്കൂടി മനുഷ്യപ്പറ്റൊടെയും നെറിവോടെയും വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറാകണം എന്ന് അപേക്ഷിക്കുന്നു. അങ്ങനെ ചെയും എന്ന് പ്രതീക്ഷിക്കുന്നു.