ഹരിദാസൻ വധം: ഇടതുകാൽ വെട്ടിമാറ്റിയ ആളെ തിരിച്ചറിഞ്ഞു, പൊലീസുകാരനും അകത്താകും

0
131

ഹരിദാസ (54)നെ വെട്ടിക്കൊലപ്പെടുത്തിയ കേസന്വേഷണത്തില്‍ മുഖ്യ പ്രതിയെപ്പറ്റി വ്യക്തമായ സൂചന പൊലിസിന് ലഭിച്ചു. ആക്രമിക്കുന്നതിനിടെ ഇടതുകാൽ വെട്ടിമാറ്റിയ സംഘ്പരിവാറിന്റെ ഗ്യാങ് നേതാവിനെപ്പറ്റിയാണ് വ്യക്തമായ തെളിവുകൾ ലഭിച്ചത്. മുമ്പും ആക്രമണത്തിൽ പങ്കെടുത്തയാളാണ്‌ ഈ നാൽപ്പത്തഞ്ചുകാരൻ.

കൊലപാതകത്തിൽ ഉൾപ്പെട്ടതായി പൊലീസ്‌ സംശയിക്കുന്ന ഒരാളുടെ വീട്ടിൽ ഫോറൻസിക്‌ സംഘം നടത്തിയ പരിശോധനയിൽ കുളിമുറിയിൽ രക്തക്കറ കണ്ടെത്തി.
ഹരിദാസനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയില്‍ ഇടതുകാല്‍ വെട്ടിമാറ്റിയത് ഗ്യാങ് ലീഡര്‍ എന്നറിയപ്പെടുന്നയാളാണെന്നാണ് സൂചന. നിരവധി ഓപ്പറേഷനുകളില്‍ പങ്കെടുക്കുകയും ഇതുവരെ പിടിക്കപ്പെടുകയും ചെയ്യാത്ത നാല്‍പ്പത്തഞ്ചുകാരനാണ് ഹരിദാസനെ കൊലപ്പെടുത്തിയ സംഘത്തിലെ ഗ്യാങ്ങ് ലീഡറെന്നാണ് അന്വഷണ സംഘത്തിന്റെ നിഗമനം.

ഹരിദാസനെ വകവരുത്തുന്നതിനായി ഒരു തെങ്ങുകയറ്റ തൊഴിലാളിയോട് അയാളുടെ പണിയായുധം ഇയാള്‍ ചോദിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവില്‍ പോയിട്ടുള്ള ഇയാളുടെ വീടും കുടുംബാംഗങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യംചെയ്യുന്നതിനിടയിലാണ് ഗ്യാങ് ലീഡറെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചത്.

കസ്റ്റഡിയിലുള്ള ഒരാളുടെ വീട്ടില്‍ പൊലീസും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയില്‍ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തി. ഈ വീട്ടിലെ സഹോദരങ്ങളായ രണ്ടുപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. സംശയത്തിന്റെ നിഴലിലുള്ള പൊലീസുകാരനെ അന്വേഷണസംഘം കഴിഞ്ഞദിവസം വീണ്ടും ചോദ്യം ചെയ്തു.

കൊലപാതകം നടന്നയുടന്‍ നിലവില്‍ അറസ്റ്റിലായിട്ടുള്ള ബിജെപി നേതാവുമായി പൊലീസുകാരന്‍ നടത്തിയ വാട്ട്‌സ് ആപ്പ് കോള്‍ സംഭാഷണമാണ് പൊലീസുകാരനെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുള്ളത്. കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സുനേഷിനെ വിളിച്ചതു മാറി സുനേഷിന്റെ പേരിനോട് സമാനതയുള്ള തന്റെ പേരിലേക്ക് കോള്‍ വരികയായിരുന്നുവെന്നാണ് പൊലീസുകാരന്‍ പറഞ്ഞത്. എന്നാൽ, ഇക്കാര്യം അന്വേഷകസംഘം മുഖവിലക്കെടുത്തിട്ടില്ല.