ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമം; പഞ്ചായത്തംഗമായ യുവതിയും സഹായികളും അറസ്റ്റിൽ

0
42

ലഹരിമരുന്ന് കേസിൽ ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച യുവതിയും സഹായികളും അറസ്റ്റിൽ. വണ്ടൻമേട്‌ പഞ്ചായത്തംഗം സൗമ്യ (34), മയക്കുമരുന്ന്‌ എത്തിച്ച കൊല്ലം റനിയ മൻസിലിൽ ഷാനവാസ് (39), അനിമേൽ മൻസിലിൽ ഷെഫിൻഷാ (24) എന്നിവരെ എറണാകുളത്തുനിന്ന്‌ വ്യാഴാഴ്‌ച പിടികൂടി.

കേസിൽ രണ്ടാം പ്രതിയും സൗമ്യയുടെ കാമുകനുമായ ഷാർജയിൽ ഹോട്ടൽ ബിസിനസുകാരനായ പാലാകണ്ടം വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ(38) നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

വണ്ടൻമേട് പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷകവിഭാഗവും ചേർന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുറ്റടിയിൽ ഇരുചക്ര വാഹനത്തിൽനിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിൽ അമ്പലമേട് സ്വദേശി തോട്ടാപ്പുരയ്‌ക്കൽ സുനിലിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ സുനിലിന്റെ ഭാര്യ സൗമ്യയും കൂട്ടാളികളും പിടിയിലായത്‌.

സൗമ്യ കാമുകനായ വിനോദിനൊപ്പം ചേർന്ന് ഭർത്താവിനെ കുടുക്കാൻ നടത്തിയ ആസൂത്രണമായിരുന്നു സംഭവം. സൗമ്യയുടെ രഹസ്യ ഇടപാടുകൾ ഭർത്താവ് ചോദ്യം ചെയ്‌തതോടെയാണ്‌ സുനിലിനെ മയക്കുമരുന്ന്‌ കേസിൽപ്പെടുത്താൻ തീരുമാനിച്ചത്. വിനോദിന്റെ സുഹൃത്ത് ഷാനവാസ് മുഖേന മറ്റൊരു പ്രതിയായ ഷെഫിൻഷാ വഴിക്ക് 45,000 രൂപ മുടക്കി അഞ്ച്‌ ഗ്രാം എംഡിഎംഎ വിനോദ് സംഘടിപ്പിച്ചു.

18ന് വിദേശത്തുനിന്ന്‌ എത്തിയ വിനോദും സുഹൃത്തും ചേർന്ന് വണ്ടൻമേട് ആമയാറിൽ എത്തി ലഹരിമരുന്ന് ഒന്നാം പ്രതി സൗമ്യക്ക് കൈമാറി. ഇത് ഭർത്താവിന്റെ ബൈക്കിൽ ടാങ്ക് കവറിനുള്ളിൽ ഒളിപ്പിച്ചശേഷം വാഹനത്തിന്റെ ചിത്രമെടുത്ത് സൗമ്യ വിനോദിന്‌ കൈമാറി.

വിദേശത്തേക്ക്‌ മടങ്ങിയ വിനോദ്‌ ചിത്രവും ശബ്ദസന്ദേശവും ഉൾപ്പെടെ രഹസ്യാന്വേഷക വിഭാഗത്തിനും ഇതര അന്വേഷകസംഘങ്ങൾക്കും കൈമാറി സുനിലിനെ കുടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ സുനിൽ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.

കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്മോന്റ നേതൃത്വത്തിൽ വണ്ടൻമേട് എസ്എച്ച്ഒ വി എസ് നവാസ് എന്നിവർ ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.