യു.പിയിൽ കോവിഡ്‌ മരണ കണക്കുകളിൽ വൻ കൃത്രിമം! ; തെളിവുകൾ പുറത്തുവിട്ട് ‘ദ വയർ’

0
95

ഉത്തർപ്രദേശിലെ കോവിഡ്‌ മരണ കണക്കിൽ സർക്കാർ വൻ കൃത്രിമം നടത്തിയതിന്റെ തെളിവുകൾ പുറത്തുവിട്ട് “ദ വയർ’. കിഴക്കൻ ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖലയിൽ നടത്തിയ പഠനത്തിലാണ്‌ സർക്കാർ കണക്കിനേക്കാളും 60 ശതമാനം അധികം ആളുകൾ കോവിഡ്‌ ബാധിച്ച്‌ മരിച്ചതായി കണ്ടെത്തിയത്‌.

മനുഷ്യാവകാശ സംഘടനയായ സിറ്റിസൺസ്‌ ഫോർ ജസ്‌റ്റിസ്‌ ആൻഡ്‌ പീസ്‌ (സിജെപി) ആണ്‌ വിവരങ്ങൾ ശേഖരിച്ചത്‌. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാരണാസിയിൽ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട്. ജനുവരി 2020 മുതൽ 2021 ഓഗസ്‌റ്റ്‌ വരെയുള്ള കണക്കിലാണ്‌ വൻതോതിലുള്ള കൃത്രിമം കണ്ടെത്തിയത്‌.

 

 

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്താകെ സർക്കാർ കണക്കിനേക്കാൾ 60 മടങ്ങ്‌ അധികം ആളുകൾ കോവിഡ്‌ ബാധിച്ച്‌ മരിച്ചിട്ടുണ്ടാകാം എന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 23000 കോവിഡ്‌ മരണങ്ങളാണ്‌ യു പിയിൽ സർക്കാർ കണക്കുകളിൽ. യഥാർത്ഥ കണക്കുകളിൽ ഇത്‌ 14 ലക്ഷംവരെയാകും.

ഇതോടെ രാജ്യത്തുതന്നെ കോവിഡ്‌ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാകുകയാണ്‌ ഉത്തർപ്രദേശ്‌. മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽ ഗുരുതരമായ വീഴ്‌ചയുണ്ടായ സംസ്ഥാനവും യുപിയാണ്‌.

 

 

രണ്ടാം തരംഗത്തിൽ യു പിയിൽ മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയതും, ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചതുമെല്ലാം വലിയ വാർത്തയായിരുന്നു. എന്നാൽ അപ്പോഴും യുപിയിൽ കോവിഡ്‌ കണക്കുകളിലും, മരണങ്ങളിലും കാര്യമായ ഉയർച്ച സർക്കാർ റിപ്പോർട്ട്‌ ചെയ്‌തിരുന്നില്ല.

വാരണാസി, ഗാസിപുർ ജില്ലകളിലെ 129 പ്രദേശങ്ങളിൽനിന്നുള്ള വിവരങ്ങളാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കാനായി സിജെപി ശേഖരിച്ചത്‌. 2017 മുതൽ 2021 ഓഗസ്‌റ്റ്‌ വരെയുള്ള മരണ വിവരങ്ങളാണ്‌ സംഘം വില്ലേജ്‌ ഓഫീസ്‌ അടക്കമുള്ള സ്ഥാപനങ്ങളിൽനിന്ന്‌ ശേഖരിച്ചത്‌. മുൻ വർഷങ്ങളേക്കാൾ ഉത്തർപ്രദേശിലെ മരണനിരക്കിൽ വലിയ വർധനയാണ്‌ ഈ കാലയളവിൽ ഉണ്ടായത്‌.