ലാന്‍ഡിങ്ങില്‍ ഇളകിയാടി വിമാനം, വാലറ്റം നിലത്തു തട്ടുംമുമ്പ് പറന്നുയര്‍ന്നു, ഒഴിവായത് വന്‍ അപകടം

0
76

അതിശക്തമായ കാറ്റിനെതുടര്‍ന്ന് ഹീത്രൂ വിമാനത്തില്‍ ലാന്‍ഡിങ് നടത്താനാകാതെ ബ്രിട്ടിഷ് എയര്‍വെയ്‌സ് വിമാനം. ലാന്‍ഡിംഗ് നടത്താന്‍ ശ്രമിച്ച എ321 ബിട്ടീഷ് എയര്‍വെയ്‌സ് വിമാനം അതിശക്തമായ കാറ്റില്‍ അപകടത്തിലായെങ്കിലും തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. കാറ്റില്‍ വേഗത നിയന്ത്രിക്കാന്‍ കഴിയാതെ ഇടതുവശത്തോട് ചേര്‍ന്ന് മറിയാന്‍ പോയ വിമാനത്തെ കൃത്യസമയത്ത് ആകാശത്തേക്ക് ഉയര്‍ത്തിയ പൈലറ്റിന്റെ മനസാന്നിദ്ധ്യമാണ് തുണയായത്. വിമാനം ആടിയുലയുന്ന ദൃശ്യങ്ങള്‍ ബിഗ് ജെറ്റ് ടിവി ട്വിറ്ററില്‍ പങ്കിട്ടു.

തിങ്കളാഴ്ച രാവിലെ അബര്‍ദീനില്‍നിന്ന് എത്തിയ വിമാനമാണ് ശക്തമായ കാറ്റിനെ തുടര്‍ന്ന് ലാന്‍ഡിംഗ് ഒഴിവാക്കിയത്. ലാന്‍ഡിങ്ങിനായി വിമാനത്തിന്റെ ടയറുകള്‍ നിലത്ത് തൊട്ടതിന് പിന്നാലെ ശക്തമായ കാറ്റുണ്ടാവുകയും വിമാനം അപ്രതീക്ഷിതമായി ഉലയുകയും ചെയ്തു.

വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ നിലംതൊട്ടതിന് ശേഷമാണ് ഇടതുഭാഗത്തേക്ക് അനിയന്ത്രിതമായി ചരിഞ്ഞത്. മീറ്ററുകളോളം ഒറ്റച്ചക്രത്തിലാണ് വിമാനം സഞ്ചരിച്ചത്. പിന്നീട് പിന്‍ഭാഗത്തെ രണ്ട് ചക്രങ്ങളും നിലത്ത് ഉറച്ചെങ്കിലും അപകട ഭീഷണി മനസിലാക്കിയ പൈലറ്റ് അവസരോചിതമായി വിമാനം പറത്തുകയായിരുന്നു. വീഡിയോ കണ്ട ട്വിറ്റര്‍ ഉപയോക്താക്കള്‍ അവസരോചിതമായി പെരുമാറിയ വിമാനത്തിന്റെ പൈലറ്റിനെ പുകഴ്ത്തുന്നുമുണ്ട്.