ഗ്രീൻഫീൽ സ്റ്റേഡിയം വിട്ടുനൽകാൻ സാധിക്കില്ല എന്ന നിലപാട് അംഗീകരിക്കുവാൻ കഴിയില്ല : കടകംപള്ളി സുരേന്ദ്രൻ

0
110

ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വൻറി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുനൽകാൻ സാധിക്കില്ല എന്ന് സ്റ്റേഡിയത്തിൻ്റെ നടത്തിപ്പ് അവകാശമുള്ള ഐ.എൽ & എഫ്.എസ് കമ്പനി.

എന്നാൽ സ്റ്റേഡിയം വിട്ടുനൽകാൻ സാധിക്കില്ല എന്ന ബന്ധപ്പെട്ട നടത്തിപ്പ് ഏജൻസിയുടെ നിലപാട് അംഗീകരിക്കുവാൻ കഴിയുന്നതല്ല എന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

അന്താരാഷ്ട്ര പ്രശംസയടക്കം നേടിയ കാര്യവട്ടം സ്റ്റേഡിയം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്പോർട്‌സ് ഹബുകളിൽ ഒന്നാണ്. കേരളത്തിലേക്ക് അന്താരാഷ്ട്ര മത്സരങ്ങൾ കൂടുതലായി കൊണ്ട് വരുവാൻ ശ്രമിക്കുന്നതിന് പകരം വരുന്ന മത്സരങ്ങൾ പോലും തിരസ്‌കരിക്കുവാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വകവച്ചുകൊടുക്കില്ല.

ആർമി റിക്രൂട്ട്മെന്റ്റാലിക്ക് വേണ്ടി പതിനഞ്ച് ദിവസത്തോളം സ്റ്റേഡിയം വിട്ടുനൽകിയതിനാലാണ് ക്രിക്കറ്റ് മത്സരങ്ങൾ നടത്തുവാൻ സാധിക്കാത്തത് എന്നാണ് സ്റ്റേഡിയം നടത്തിപ്പ് ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞത്. കേട്ടുകേൾവിയില്ലാത്ത ഇത്തരമൊരു തീരുമാനം എന്ത് അടിസ്ഥാനത്തിൽ എടുത്തു എന്ന് മനസിലാകുന്നില്ല.

ഒരുപാട് തുക മുടക്കിയും വളരെയേറെ ശ്രദ്ധയോടെയുമാണ് ക്രിക്കറ്റ് പിച്ചുകൾ പരിപാലനം ചെയ്യുന്നത്. റിക്രൂട്ട്മെന്റ് റാലി പോലെയുള്ള ഫിസിക്കൽ ആക്റ്റിവിറ്റികൾക്ക് പ്രാധാന്യമുള്ള പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുനൽകുന്നതോടെ സാരമായ ഡാമേജ് ഗ്രൗണ്ടിലുണ്ടാകും എന്നത് സാമാന്യബോധമുള്ള ആർക്കും മനസിലാക്കാവുന്നതാണ്. പാങ്ങോട് മിലിട്ടറി ഗ്രൗണ്ടിലാണ് സാധാരണയായി ഇത്തരം റിക്രൂട്ട്മെന്റ് റാലികൾ നടക്കാറുള്ളത്.

അവിടെയോ അല്ലെങ്കിൽ സൗകര്യമുള്ള മറ്റേതെങ്കിലും സ്ഥലത്തോ റിക്രൂട്ട്മെന്റ് റാലി മാറ്റി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്കായി തയ്യാറാക്കണം. ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരം നമ്മുടെ നിഷേധാത്മ സമീപനത്താൽ നഷ്ടപ്പെടുകയാണെങ്കിൽ ഭാവിയിൽ കാര്യവട്ടത്തെ പരിഗണിക്കാനിടയുള്ള ഐ പി എൽ,അന്താരാഷ്ട മത്സരങ്ങൾ കൂടി നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും

.T20 ലോകകപ്പ് ഈ വർഷം ഇന്ത്യയിലാണ് നടക്കുന്നത് എന്നതിനാൽ ലോകകപ്പ് മത്സരത്തിനു ആതിഥേയത്വം വഹിക്കുവാനുള്ള അവസരം കൂടി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന കാര്യം കൂടി നാം ഓർക്കേണ്ടതുണ്ട്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് ഞാൻ മനസിലാക്കുന്നത് . ഈ വിഷയം കായികവകുപ്പ് സെക്രട്ടറിയോടും, കേരള ക്രിക്കറ്റ് അസോസിയേഷനുമായും ഞാനും സംസാരിക്കുകയുണ്ടായി.

അബദ്ധജഡിലമായ ഈ തീരുമാനം തിരുത്തുവാനുള്ള നടപടികൾ ഉണ്ടാകണമെന്നും ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുവാൻ തയ്യാറാണെന്ന് ബി.സി.സി ഐ യെ അറിയിക്കണമെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട് – മന്ത്രി പറഞ്ഞു.