നിയമസഭാ തെരഞ്ഞെടുപ്പ്: യോഗി മന്ത്രിസഭ വികസിപ്പിക്കുന്നു​; ഏഴ്​ പുതുമുഖങ്ങളെ ഉൾപ്പെടുത്തും

0
47

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉത്തര്‍പ്രദേശില്‍ മന്ത്രിസഭ വികസനത്തനൊരുങ്ങി യോഗി ആദിത്യനാഥ്​. പുതിയ മന്ത്രിമാർ ഞായറാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഭാഗമായി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേൽ ലഖ്​നോവില്‍ എത്തുന്നുണ്ട്​. ഏഴ്​ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.

അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവും രാഹുൽഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദ, സംഗീത ബിന്ദ്​, ഛത്രപാല്‍ ഗംഗ്​വാര്‍, പാല്‍തുറാം, ദിനേഷ്​ ഖാതിക്​, കൃഷ്​ണ പാസ്വാന്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തേക്കും. ജിതിൻ പ്രസാദയെ തിടുക്കം പിടിച്ച് മന്ത്രിയാക്കുന്നത് ബ്രാഹ്മണ വോട്ട് ബാങ്ക് മുന്നിൽകണ്ടാണ്. അതിനിടെ, നിഷാദ്​ പാര്‍ട്ടി നേതാവ്​ സഞ്​ജയ്​ നിഷാദിനെ മന്ത്രിയാക്കിയേക്കുമെന്ന്​ അഭ്യൂഹമു​ണ്ട്​. കേന്ദ്രമന്ത്രിസഭ പുന:സംഘടനയില്‍ മകന്‍ പ്രവീണ്‍ നിഷാദിനെ ഉൾപ്പെടുത്തതിൽ സഞ്​ജയ്​ അതൃപ്തി പരസ്യമാക്കിയിരുന്നു.

അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അതിന്റെ ഭാഗമായാണ് യോഗിയുടെ പുതിയ നീക്കം. അസംതൃപ്തരായ മതവിഭാഗങ്ങളെ ഒപ്പം നിർത്താൻ വേണ്ടിയാണ് പ്രാതിനിധ്യം ലഭിക്കാത്ത ജാതിക്കാരെയും പാര്‍ട്ടികളെയുമാണ്​ മന്ത്രിസഭ പുന:സംഘടനയില്‍ ഉൾപ്പെടുത്തുന്നത്.