പത്തനംതിട്ട പെരുമ്പെട്ടി വില്ലേജിൽ പട്ടയം നൽകുന്നതിനുള്ള നടപടികൾ ഉടൻ: റവന്യൂ മന്ത്രി കെ രാജൻ

0
58

 

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ ആറ് പതിറ്റാണ്ടായി കൃഷി ചെയ്തവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. റാന്നി എംഎൽഎ പ്രമോദ് നാരായൺ സഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഇവിടെത്തെ കൈവശക്കാരുടെ ഭൂമി വനഭൂമിക്ക് പുറത്താണെന്ന് ഡി എഫ് ഒ ഇടക്കാല റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഈ ഭൂമിയുടെ കൈവശക്കാർക്ക് 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം നിയമാനുസൃതം പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും സ്പെഷ്യൽ ടീം രൂപീകരിച്ച് ഫീൽഡ് സർവ്വെ നടത്തി അഞ്ഞൂറ്റി എട്ട് കുടുംബങ്ങളുടെ പട്ടയ ഫയലുകൾ തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു.

റാന്നി മണ്ഡലത്തിലെ പെരുമ്പട്ട വില്ലേജിലെ കർഷകർ ഉൾപ്പെടെയുള്ള 512 കുടുംബങ്ങൾക്ക് കഴിഞ്ഞ 63 വർഷമായി അർഹതപ്പെട്ട പട്ടയം ലഭിക്കുന്നില്ല എന്ന നീതി പൂർവ്വമായ പ്രശ്നമാണ് ഉള്ളതെന്ന് പ്രമോദ് നാരായൺ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 283/1A പഴയ സർവ്വേ നമ്പർ പെട്ട 274. 5 ഏക്കർ സ്ഥലം വനംവകുപ്പിനെ 1958ലെ നോട്ടിഫിക്കേഷൻ പരിധിക്ക് പുറത്താണ് എന്നായിരുന്നു തർക്കത്തിന് ആധാരമായ വിഷയം. ജനപ്രതിനിധികൾ നടത്തിയ നിരന്തരമായ പ്രക്ഷോഭത്തെത്തുടർന്ന് 2018 റവന്യു വനം വകുപ്പുകൾ സംയുക്തമായി സർവ്വെ നടത്തി.

88% സർവ്വെ പൂർത്തീകരിച്ചു. 1958 നോട്ടിഫിക്കേഷൻ പ്രകാരം 174 മുതൽ 211 വരെുള്ള റീസർവ്വെ നടത്തി 2019 മാർച്ച് 6 ന് ഇടക്കാല റിപ്പോർട്ട് പുറപ്പെടുവിച്ചു. അതിൽ കണ്ടെത്തിയത് ജനങ്ങൾ ഒരു ഇഞ്ച് പോലും വന ഭൂമി കയ്യേറിയിട്ടില്ല എന്നാണ്. എന്നിട്ടും അവശേഷിക്കുന്ന 12% സർവ്വേ പൂർത്തീകരിച്ചില്ല എന്ന് പറഞ്ഞാണ് പട്ടയം നൽകാത്തതെന്നും അതിനാൽ ഇനിയും കർഷകർക്ക് നീതി നിഷേധിക്കരുതെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

പ്രശ്നം പരിഹരിക്കുന്നതിനായി നേരത്തെ നടത്തിയ സംയുക്ത സർവ്വെ പ്രകാരം എൺപത്തിയഞ്ച് ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. സർവ്വെയുടെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി വില്ലേജിലെ കൈവശക്കാരുടെ ഭൂമി വനഭൂമിക്ക് പുറത്തായി സ്ഥിതിചെയ്യുന്നു എന്ന് ഡി എഫ് ഒ ഇടക്കാല റിപ്പോർട്ടും ഉണ്ട്.

ശേഷിക്കുന്ന സർവ്വെ നടപടികൾ കോഴിക്കോട് ജില്ലയിലെ മിനി സർവ്വെ ടീമിനെ നിയോഗിച്ച് പൂർത്തീകരിക്കാൻ 2021 ജനുവരി മാസം ഇരുപത്തിരണ്ടാം തീയതി കൂടിയ റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ ടീം എത്തി സർവ്വെ നടപടികൾ പൂർത്തീകരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് തന്നെ പട്ടയം വിതരണം നടത്തുമെന്നും മന്ത്രി എംഎൽഎയ്ക്ക് മറുപടി നൽകി.