പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരായ എന്‍.റാമും ശശികുമാറും സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുവോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈനിക തലത്തില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
നേരത്തെ, അഭിഭാഷകന്‍ എം.എല്‍.ശര്‍മ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.