ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഉണർവേകി കേരളം; സൃഷ്ടിച്ചത് രണ്ട് ലക്ഷത്തിലധികം തൊഴിലുകൾ

0
70

ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ സൃഷ്ടിച്ചത് 2,20,047 തൊഴിലുകൾ. 5846.51 കോടി രൂപ മുതൽ മുടക്കിൽ 62593 യൂണിറ്റുകളിലൂടെയാണ് ഇത് സാധ്യമായത്. 2019ലെ ‘കേരള സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബിൽ’ നടപ്പിലാക്കിയതിലൂടെ ഈ മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.

മുൻകൂട്ടി ലൈസൻസില്ലാതെ 10 കോടി വരെ മുതൽമുടക്കുള്ള ചെറുകിട വ്യവസായ സംരംഭം ആരംഭിക്കാൻ കഴിയുമെന്നത് വ്യവസായ മേഖലയിലെ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വർദ്ധിപ്പിച്ചു. ഉൽപന്ന മേഖലയിലുള്ള പുതിയ 5026 യൂണിറ്റുകൾക്കായി 236.84 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കഴിഞ്ഞ നാലര വർഷത്തിനിടെ നൽകിയത്.

സംരംഭങ്ങൾ ആരംഭിക്കാൻ 20 ഏക്കർ മുതൽ 650 ഏക്കർ വരെയുള്ള ഭൂമി ഏറ്റെടുത്ത് സർക്കാർ നിശ്ചയിക്കുന്ന തുകയ്ക്ക് നൽകുന്നുണ്ട്. ഇങ്ങനെ നൽകിയ ഭൂമിയിലെ 39 കെട്ടിടങ്ങളിലായി 2350 യൂണിറ്റുകൾക്ക് 75.56 കോടിയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.

ഇതോടൊപ്പം കെട്ടിടങ്ങൾ നിർമ്മിച്ച് വ്യവസായികൾക്ക് നൽകുന്ന മൾട്ടി-സ്റ്റോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടവും പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തിൽ, ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിൽ തൃശൂർ ജില്ലയിൽ നിർമ്മിക്കുന്ന 19.64 കോടിരൂപയുടെ പുഴക്കൽപാടം പദ്ധതിയും ആലപ്പുഴ ജില്ലയിൽ 48459.12 സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന 12.87 കോടിരൂപയുടെ പുന്നപ്ര പദ്ധതിയും, 134555.55 ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന 25.65 കോടി രൂപയുടെ പുഴക്കൽപാടം രണ്ടാംഘട്ട പദ്ധതിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ മാർച്ചിന് മുൻപ് പൂർത്തീകരിച്ച് വ്യവസായികൾക്ക് നൽകും. ആറ് എംഎസ്എംഇ ക്ലസ്റ്ററുകൾക്കായി 989.83 ലക്ഷം രൂപയാണ് സംസ്ഥാന വിഹിതമായി നൽകിയത്.

നിലവിലുള്ള യൂണിറ്റുകളിൽ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനുള്ള ടെക്നോളജി ക്ലിനിക്കുകളും, സംരംഭകർക്ക് പരിശീലനം നൽകുന്ന ടെക്നോളജി ആന്റ് മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാമുകളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഓരോ വർഷവും ശരാശരി 30,000 ആളുകളാണ് സംരംഭകത്വ വികസന പരിപാടിയിൽ പങ്കെടുക്കുന്നത്. ഇതിൽ 6,000 ത്തിലധികം പേർ ഓരോ വർഷവും സംരംഭകരാകുന്നു. ഇതിലൂടെ പ്രതിവർഷം ശരാശരി 15000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.

എംഎസ്എംഇകൾ നിർമ്മിക്കുന്ന ഉത്പ്പന്നങ്ങളുടെ വിപണന സാധ്യത മെച്ചപ്പെടുത്തുന്നതിനായി ഓരോ ജില്ലയിലും എക്സിബിഷനുകളും വ്യാപാര മേളകളും മെഷിനറി എക്‌സ്‌പോകളും സംഘടിപ്പിക്കുന്നുണ്ട്.

ആഭ്യന്തര, ആഗോള വിപണികളിൽ തദ്ദേശീയ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനായി കൊമേഴ്സ് മിഷൻ പോലുള്ള പരിപാടികളും സർക്കാർ നടത്തുന്നു. സംരംഭം ആരംഭിക്കാൻ വിവിധ അനുമതികളും ലൈസൻസുകളും നേടുന്ന പ്രക്രിയ എളുപ്പത്തിലാക്കിയുള്ള ഓർഡിനൻസ് സംസ്ഥാനത്തെ വ്യവസായിക വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്.