മഹുവയ്‌ക്കെതിരേ അവകാശ ലംഘന നോട്ടീസുമായി ബി.ജെ.പി എംപിമാർ

0
33

മുന്‍ ചീഫ് ജസ്റ്റിസിനെതിരേയുള്ള പരാമര്‍ശത്തില്‍ തൃണമൂൽ കോൺഗ്രസ്സ് എംപി മഹുവ മൊയ്ത്രക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ്. നേരത്തെ മഹുവയ്‌ക്കെതിരേ നടപടിയെടുക്കേണ്ടതില്ല എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ വിവാദ പ്രസംഗത്തിന്റെ വീഡിയോ മഹുവ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് വീണ്ടും അവകാശ ലംഘനവുമായി മുന്നോട്ടുപോകാമെന്ന് ബിജെപി തീരുമാനിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ പി.പി ചൗധരിയാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. മറ്റൊരു ബി.ജെ.പി എം.പി നിശികാന്ദ് ഡുബെയും അവകാശലംഘന നോട്ടീസു മുന്നോട്ടുവെച്ചു.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ മഹുവ നടത്തിയ പരാമര്‍ശത്തില്‍ അവര്‍ നടപടി നേരിടണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിങ്കളാഴ്ച ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിതിനെതിരേ ഒട്ടും കൂസാതെ കുറച്ചു കൂടി കടുപ്പം കൂടിയ പ്രതികരണമാണ് മഹുവ നടത്തിയത്.

“അവകാശ ലംഘനം കാട്ടി ഭീഷണിപ്പെടുത്തി എന്നെ നിശബ്ദയാക്കാന്‍ നിങ്ങള്‍ക്കാവില്ല. ഉന്നത പദവിയെ ദുരുപയോഗം ചെയ്ത ശേഷം വിരമിക്കുകയും ആര്‍ട്ടിക്കിള്‍ 121 നടിയില്‍ അഭയം തേടാനും നിങ്ങള്‍ക്കാവില്ല”. കടമ നിര്‍വ്വഹിക്കലില്‍ ലൈംഗിക പീഡനം പെടില്ലെന്നും തന്റെ പ്രസ്താവനയില്‍ ഉറച്ചു നിന്നു കൊണ്ട് മഹുവ മൊയ്ത്ര ട്വിറ്ററില്‍ കുറിച്ചു.

അസുഖകരമായ സത്യത്തില്‍ നിന്ന് സര്‍ക്കാര്‍ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ തീര്‍ച്ചയായും എന്തെങ്കിലും ചെയ്തു. ഈ ശ്രദ്ധ ഡല്‍ഹി ഗേറ്റിലെ കര്‍ഷകര്‍ക്കും ദയവായി നല്‍കൂ എന്ന പരിഹാസ കുറിപ്പും മഹുവ മൊയ്ത്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.