അപ്രതീക്ഷിതമായി നാട്ടിൽ ആഞ്ഞടിച്ച നിപ, കോവിഡ് തുടങ്ങിയ ആരോഗ്യ മേഖലയിലെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ നേരിടാൻ സാധിച്ചതിന് പിന്നിൽ പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഇന്ന് ഏറെ അഭിമാനം നൽകുന്ന ഒന്നാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം.
അത്രമാത്രം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇവിടെ നടന്നത്. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച ആർദ്രം മിഷനിലൂടെ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്ര പുരോഗതിയുണ്ടാക്കാൻ സാധിച്ചു.
ഇതേ കാഴ്ചപ്പാടോടെ തന്നെയായിരിക്കും ഈ സർക്കാരും മുന്നോട്ടു പോകുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവിധ ഫണ്ടുകളുപയോഗിച്ച് 25 കോടി രൂപ ചിലവിൽ 50 ആരോഗ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയതും ആരംഭിക്കുന്നതുമായ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ നിർമ്മാണം പൂർത്തിയായ കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ട്, ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുണ്ട്, താലൂക്കാശുപത്രികളിലും ജനറൽ ആശുപത്രികളിലും ആരംഭിക്കുന്ന പുതിയ പദ്ധതികളുണ്ട്.
ആർദ്രം മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 886 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനാണ് തീരുമാനിച്ചത്. ഇതിൽ 474 എണ്ണം പൂർത്തീകരിച്ചിരുന്നു. ബാക്കിയുള്ളവയിൽ നിർമ്മാണം പൂർത്തിയായ ആറ് സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയത്.
ആലപ്പുഴ കടമ്പൂർ, പാണാവള്ളി, പാലക്കാട് തേങ്കുറുശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കൽ, വയനാട് മൂപ്പൈനാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണവ. ഏറ്റവും നല്ല പ്രാഥമികചികിത്സ ഉറപ്പാക്കാൻ ഇവയിലൂടെ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കാരണം, അത്രമേൽ മികച്ച സൗകര്യങ്ങളാണ് ഇവയോരോന്നിലും ഒരുക്കിയിരിക്കുന്നത്. ഇതിൽ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തെ മുഖ്യമന്ത്രി പ്രത്യേകം പരാമർശിച്ചു.
രണ്ടര കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ 28 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ കൂടി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ 1,603 ആരോഗ്യ സബ് സെന്ററുകളെ നേരത്തെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തിയിരുന്നു. സബ് സെന്ററുകൾ ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായി മാറുന്നതോടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭ്യമാകാൻ പോകുന്നത്.
വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നൽകുന്ന ചില പദ്ധതികളുമുണ്ട്. ഗർഭിണികളായ ആദിവാസി സ്ത്രീകളെ കുടുംബ സമേതം താമസിപ്പിച്ച് അവർക്ക് പ്രസവ ശുശ്രൂഷ നൽകുന്നതിനായി 6.14 ലക്ഷത്തിലേറെ രൂപ വീതം ചിലവഴിച്ച് ബത്തേരിയിലും വൈത്തിരിയിലും നിർമ്മിച്ച ആന്റിനേറ്റൽ ട്രൈബൽ ഹോം, 20 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച മാനന്തവാടി ടി.ബി. സെൽ എന്നിവയാണവ. ആദിവാസി സമൂഹത്തോടുള്ള ഈ സർക്കാരിന്റെ പ്രത്യേകമായ കരുതൽ വെളിവാക്കുന്നവയാണ് ഈ പദ്ധതികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവയോടൊപ്പം മൂന്നു ജില്ലകളിലായി പൂർത്തിയാക്കിയ മറ്റ് ചില പദ്ധതികൾ കൂടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയിലെ ടിബി, എയ്ഡ്‌സ് കൺട്രോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലാ ടി.ബി. ആൻഡ് എയ്ഡ്‌സ് കൺട്രോൾ ഓഫീസിനായി 72 ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. പുതിയൊരു ഡിജിറ്റൽ എക്‌സ്‌റേ മെഷീൻ കൂടി ഇവിടെ സ്ഥാപിച്ചു.
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാണ് തൃശൂർ മതിലകത്ത് സജ്ജമായിരിക്കുന്നത്. ട്രാൻസ് ഗ്ലോബൽ ഡ്രൈ പോർട്ട് ട്രസ്റ്റുമായി സഹകരിച്ചാണ് നാനൂറോളം രോഗികൾക്ക് കഴിയാൻ സൗകര്യമുള്ള സെന്റർ ഒരുക്കിയത്.
പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 25 ലക്ഷം രൂപ ഉപയോഗിച്ച് പൂർത്തീകരിച്ച ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം, പുനലൂർ താലൂക്ക് ആശുപത്രിയിലെ ഓക്‌സിജൻ ജനറേറ്റർ, തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഐസിയു, 15 നവജാതശിശു പുനരുത്തേജന യൂണിറ്റുകൾ, പീരുമേട് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ ശ്യംഖല, പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ആദ്യ ഘട്ട ഇ ഹെൽത്ത് പദ്ധതി, 21 ലക്ഷം രൂപ ചിലവിൽ സജ്ജമാക്കിയ അടൂർ ജനറൽ ആശുപത്രിയിലെ എസ്എൻസി (സ്‌പെഷ്യൽ ന്യൂബോൺ കെയർ) യൂണിറ്റ്, 15 നവജാതശിശു പുനരുത്തേജന യൂണിറ്റുകൾ, കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം, ഒന്നേകാൽ കോടി രൂപ ചിലവിൽ പൂർത്തിയാക്കിയ ആലപ്പുഴ ജനറൽ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, 60 ലക്ഷം രൂപ ചിലവിൽ സജ്ജമാക്കിയ കോട്ടയം ജില്ലാ നഴ്‌സിംഗ് സ്‌കൂളിലെ സ്‌കിൽ ലാബ്, 10 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കൊല്ലം ഗവ. വിക്‌ടോറിയ ആശുപത്രിയിലെ ഹൈ ഡിപ്പന്റൻസി യൂണിറ്റ് എന്നിവയും ഉദ്ഘാടനം നിർവഹിച്ചു.
ഇവയോടൊപ്പം ഒന്നേമുക്കാൽ കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം, നാലുകോടിയോളം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന എറണാകുളം ഇടപ്പള്ളി റീജിയണൽ വാക്‌സിൻ സ്‌റ്റോറിന്റെ നിർമാണോദ്ഘാടനം എന്നിവയും ഉദ്ഘാടനം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.