പൂനം പാണ്ഡെ, ഗെഹന വസിഷ്ട്, രാജ് കുന്ദ്ര ; അശ്ലീല വിഡിയോ അന്വേഷണം പ്രമുഖരിലേക്കും

0
198

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തതോടെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്കു നീളുമെന്നു സൂചന. അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ മഡ് ഐലന്റ് കേന്ദ്രീകരിച്ച് പൊലീസ് തുടങ്ങിയ അന്വേഷണത്തിൽ കൂടുതൽ പ്രമുഖർ ഉൾപ്പെടുന്നെന്ന സൂചനയാണ് പുറത്തുവരുന്നത്.

അശ്ലീലച്ചിത്രം നിർമിക്കുന്നതിലും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ മുംബൈയിൽ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട് ഉൾപ്പെടെ 6 പേരെ പൊലീസ് ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു. കേസിൽ മുഖ്യ ആസൂത്രകൻ കുന്ദ്രയാണെന്നും അതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നുമാണ് പൊലീസ് അറിയിച്ചത്.

കേസുമായി ബന്ധപ്പെട്ട് കുന്ദ്രയെ ചോദ്യം ചെയ്യാൻ ഇന്നലെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുകയും തുടർന്ന് രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയിൽ എത്തിയത്. കെന്റിന്റെ എക്സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

രാജ് കുന്ദ്രയുടെ കമ്പനിയിൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കാമത്ത് പൊലീസിന് മൊഴി നൽകിയത്. ഇത് രണ്ടാം തവണയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്.ഫെബ്രുവരി ആറിൽ ഗെഹന വസിഷ്ട് അറസ്റ്റിലായ കേസിൽ വിഡിയോകൾ ഷൂട്ട് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാമത്തിന്റെ പേരും ഉയർന്നു കേട്ടിരുന്നു. ഗെഹനയുടെ ജിവി പ്രൊഡക്‌ഷൻസ് എന്ന നിർമാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്.

ഇത്തരത്തിൽ എട്ടോളം വിഡിയോകൾ കാമത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. രണ്ടു വർഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവർത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇദ്ദേഹം വിദേശത്തെ സ്ഥാപനങ്ങൾക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തി. അര മണിക്കൂർ വീതമുള്ളതാണു ചിത്രങ്ങൾ. ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നു.