കേരളീയ സമൂഹത്തിലുയർന്നുവരുന്ന സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ‘സ്‌ത്രീപക്ഷ കേരളം’ പ്രചാരണ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും.
ജൂലൈ ഒന്നുമുതൽ ഏഴുവരെ ഗൃഹസന്ദർശനം ഉൾപ്പെടെ വിപുലമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും ഇതിന്റെ ഭാഗമാകും.
തുടർന്ന് എട്ടിന് സംസ്ഥാന വ്യാപകമായി പ്രാദേശികാടിസ്ഥാനത്തിൽ പൊതുപരിപാടികൾ കോവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിക്കും. ക്യാമ്പയിനിൽ യുവാക്കളും വിദ്യാർഥികളും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങളും പങ്കെടുക്കും.
സംസ്ഥാനത്ത് ഈയിടെയുണ്ടായ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ, സ്‌ത്രീധന മരണങ്ങൾ, അതുയർത്തിയ സാമൂഹ്യ പ്രതിഫലനങ്ങൾ എന്നിവ സെക്രട്ടറിയറ്റ് ചർച്ചചെയ്‌തു. സംസ്ഥാനത്ത് വിദ്യാഭ്യാസ–- തൊഴിൽരംഗങ്ങളിലുണ്ടായ സ്‌ത്രീമുന്നേറ്റത്തെ ദുർബലപ്പെടുത്തുന്നവയാണ് ഇത്.
യാഥാസ്ഥിതിക മൂല്യങ്ങൾ കൂടുന്നു. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകൾ വലതുപക്ഷമൂല്യങ്ങളും യാഥാസ്ഥിതിക ആശയങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. അതിന് ഒരുപരിധിവരെ സമൂഹത്തിൽ സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയം ഗൗരവപൂർവം സമൂഹത്തിൽ ചർച്ചയാകേണ്ടതും സമൂഹത്തിന്റെ പൊതുഅവബോധത്തിൽ മാറ്റംവരുത്തേണ്ടതുമുണ്ട്. അതിനാണ് ഇത്തരമൊരു ക്യാമ്പയിൻ സിപിഐ എം ഏറ്റെടുക്കുന്നത്. കേരളീയ പൊതുസമൂഹമാകെ ഇതുമായി സഹകരിക്കണമെന്നും വിജയരാഘവൻ അഭ്യർഥിച്ചു.