ലോക ലഹരിവിരുദ്ധ ദിനം; ലഹരി ഉപേക്ഷിക്കാം, സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താം

0
113

 

“അറിവ്‌ പകരുക, ജീവനുകൾ രക്ഷിക്കുക’ എന്ന സന്ദേശമുയർത്തി ശനിയാഴ്‌ച അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം. ലഹരി ഉപയോഗം വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും ബാധിക്കുന്ന സാഹചര്യത്തിൽ മികച്ച അറിവിലൂടെയുള്ള പരിചരണത്തിന്‌ പ്രാധാന്യമുണ്ടെന്ന്‌ മന്ത്രി വീണ ജോർജ്‌ വ്യക്തമാക്കി. ലഹരി വസ്‌തുക്കൾ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾ എല്ലാവരും മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.

മനസ്സിനെ ഉത്തേജിപ്പിക്കുകയും പെരുമാറ്റത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ലഹരി വസ്തുക്കൾ ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്‌. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായി 1987 മുതൽ ജൂൺ 26 ഐക്യരാഷ്ട്ര സംഘടന ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുകയാണ്‌.

ലഹരിപദാർഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരിക്കുക, ലഹരി ഉൽപന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.

സർക്കാരിന്‌ കീഴിൽ 33 ലഹരി വിമോചന കേന്ദ്രം

സംസ്ഥാന സർക്കാരിന്‌ കീഴിൽ 33 ലഹരി വിമോചന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്‌. ആരോഗ്യ വകുപ്പിന്റെ കീഴിൽ 19 ഉം ആരോഗ്യ വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ കീഴിൽ 14ഉം ലഹരി വിമോചന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. ഇതിനുപുറമെ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ 291 ക്ലിനിക്കിലൂടെയും ലഹരി വിമോചന ചികിത്സ ലഭ്യമാക്കുന്നു.