മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം; ബിജെപി നേതാകൾക്ക് ഇപി ജയരാജന്റെ വക്കീൽ നോട്ടീസ്

0
713

ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. വിവിധ പത്രങ്ങൾക്കും വാർത്താ ചാനലുകൾക്കും നൽകിയ അഭിമുഖങ്ങളിൽ അപവാദ പ്രചരണം നടത്തിയതിനാണ് വക്കീൽ നോട്ടീസ് അയച്ചത്.

ആരോപണങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയാത്ത പക്ഷം സിവിൽ-ക്രിമിനൽ നിയമനടപടികൾ നേരിടാനും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാനുമാണ് നോട്ടീസ്. വസ്തുതകളുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിച്ച് ഇപിയെ മാത്രമല്ല പാർട്ടിയെയും നേതാക്കളെയും അപമാനിച്ചെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

ഇപി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്‌. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ്‌ ഇപി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്‌. 1995 ഏപ്രിലിൽ രണ്ട്‌ ബിജെപിക്കാരാണ്‌ ട്രെയിൽ വച്ച്‌ ഇപിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഉപതെരഞ്ഞെടുപ്പ്‌ സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

ശോഭാ സുരേന്ദ്രനെ ഉമ്മൻ ചാണ്ടി മരിച്ച സമയത്ത് വളരെ ദൂരെവച്ച് കണ്ടിട്ടുള്ളത് മാത്രമേയുള്ളൂവെന്ന് ഇ പി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രവർത്തകനാണ് താൻ. കേരളത്തിൽ ബിജെപിയുടെ സ്ഥിതി നോക്കൂ. ഒരു അൽപ്പമെങ്കിലും ബുദ്ധിയുള്ളവർ ആരെങ്കിലും ബിജെപിയിൽ ചേരുമോ? കേരളത്തിലെ പ്രധാനപ്പെട്ട ഒരു പ്രവർത്തകനാണ് താൻ. അങ്ങനെയുള്ള താൻ ബിജെപിയിൽ ചേരുമെന്ന് ആരെങ്കിലും കരുതുമോ എന്നും ഇ പി ജയരാജൻ ചോദിച്ചു.