മുംബൈ ഇന്ത്യൻസിനെതിരെ 4 പന്ത് ശേഷിക്കെ 4 വിക്കറ്റിന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് ജയം

0
94

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിന് വിജയം. അവസാന ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലഖ്‌നൗ വിജയിച്ചു. 62 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസാണ് ലഖ്‌നൗവിൻ്റെ ടോപ് സ്കോറർ. മുംബൈയ്ക്കായി ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.

ക്വിൻ്റൺ ഡികോക്കിനു പകരം ഓപ്പണറായെത്തിയ അർഷിൻ കുൽക്കർണി നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. നുവാൻ തുഷാരയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന കെഎൽ രാഹുലും മാർക്കസ് സ്റ്റോയിനിസും ചേർന്ന് പവർപ്ലേയിൽ തന്നെ കളിയുടെ വിധിയെഴുതി. 52 റൺസാണ് ആദ്യ വിക്കറ്റിൽ സഖ്യം അടിച്ചെടുത്തത്. രണ്ടാം വിക്കറ്റിൽ 58 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷം രാഹുൽ മടങ്ങി. 22 പന്തിൽ 28 റൺസ് നേടിയ താരത്തെ ഹാർദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു.

മൂന്നാം വിക്കറ്റിൽ ദീപക് ഹൂഡയും സ്റ്റോയിനിസും ഒത്തുചേർന്നു. 39 പന്തിൽ ഫിഫ്റ്റി നേടിയ സ്റ്റോയിനിസ് തകർപ്പൻ ഫോമിലായിരുന്നു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറി നേടിയ താരം ലക്നൗവിനെ മത്സരത്തിൽ തന്നെ നിലനിർത്തി. സ്റ്റോയിനിസുമൊത്തുള്ള 40 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ 18 പന്തിൽ 18 റൺസ് നേടി ഹൂഡ പുറത്തായി. ഹാർദ്ദികിനായിരുന്നു വിക്കറ്റ്. പിന്നാലെ മാർക്കസ് സ്റ്റോയിനിസിനെ മുഹമ്മദ് നബിയും ആഷ്ടൻ ടേണറെ (5) ജെറാൾഡ് കോട്ട്സിയും പുറത്താക്കി. ആയുഷ് ബദോനി (6) റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെ കളി മുറുകി. എന്നാൽ, മുഹമ്മദ് നബി എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ലക്നൗ വിജയത്തിലെത്തി.