മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു

0
99

മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ നടന്ന ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽ നിന്നുള്ള സായുധ സംഘമാണ് സൈന്യത്തിന് നേരെ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. തവ്വാരയിലെ സിആർപിഎഫ് പോസ്റ്റുകൾക്ക് നേരെ പുലർച്ചെയാണ് വെടിവയ്പ്പ് നടന്നത്.

വെടിവയ്പ്പിൽ രണ്ടു സൈനികർ‌ക്ക് പരുക്കേറ്റു. സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ എൻ സർക്കാർ, കോൺസ്റ്റബിൾ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇൻസ്‌പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്‌നബാധിത പ്രദേശത്താണ് ഇവരെ വിന്യസിച്ചിരുന്നത്.

2023 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മെയ്തെയ്–കുക്കി സായുധ സംഘങ്ങൾ തമ്മിൽ കനത്ത വെടിവയ്പ്പുകൾ പൊട്ടിപ്പുറപ്പെട്ട പ്രദേശമാണ് നരൻസേന. ഒരു വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് സുരക്ഷാ സൈന്യത്തിനുനേരെ ആക്രമണം. ആക്രമണം നടത്തിയവർക്കെതിരെ വ്യാപക തിരച്ചിൽ തുടങ്ങിയെന്ന് സി.ആർ.പി.എഫ് വൃത്തങ്ങൾ പറഞ്ഞു.